ദുബായ്: ഭാര്യയെ ഭീഷണിപ്പെടുത്തിക്കൊണ്ട് വാട്സ്ആപില്‍ മെസേജ് അയച്ച പ്രവാസിക്ക് ദുബായ് പ്രാഥമിക കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. മതത്തെ അവഹേളിച്ചത് ഉള്‍പ്പെടെയുള്ള വിവിധ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. ഭാര്യയുമായി അകന്നുകഴിയുകയായിരുന്ന ജോര്‍ദാന്‍ പൗരനെതിരെയാണ് അയാളുടെ അഭാവത്തില്‍ കോടതി വിധി പുറപ്പെടുവിച്ചത്.

ഭാര്യയെ ഭീഷണിപ്പെടുത്താന്‍ വേണ്ടി പ്രതി അയച്ച മെസേജുകളില്‍ ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങളുണ്ടെന്ന് പരാതി നല്‍കുകയായിരുന്നു. ഭാര്യയുടെ സഹോദരന്മാരെ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ സന്ദേശങ്ങളുടെ പകര്‍പ്പ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29ന് നടന്ന സംഭവത്തെക്കുറിച്ച് അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 

തന്നെയും തന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ഇയാള്‍ അവഹേളിച്ചുവെന്ന് ഭാര്യ പ്രോസിക്യൂഷന് മൊഴി നല്‍കി. യുഎഇ ഫെഡറല്‍ ശിക്ഷാ നിയമവും വിവേചനവും വിദ്വേഷവും തടയാനുള്ള നിയമവും പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. മൂന്ന് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് പുറമെ 5,00,000 ദിര്‍ഹം പിഴയും അടയ്ക്കണം. ശിക്ഷ അനുഭവിച്ചശേഷം ഇയാളെ നാടുകടത്തും.