തന്റെ സ്വന്തം രാജ്യത്തുവെച്ച് ഒരു ടൂറിസം ഓഫീസറില്‍ നിന്നാണ് ഈ വ്യാജ റെസിഡന്‍സി കാര്‍ഡ് സംഘടിപ്പിച്ചതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ആറ് മാസം മുമ്പാണ് വ്യാജ രേഖ സ്വന്തമാക്കിയത്. ഇതിനായി 4000 ദിര്‍ഹം ചെലവഴിക്കുകയും ചെയ്‍തു.
ദുബൈ: വ്യാജ യാത്രാ രേഖയുമായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ യുവാവിന് ഒരു മാസം ജയില്‍ ശിക്ഷ. 24 വയസുകാരനായ ഇയാള്‍ വ്യാജ യൂറോപ്യന്‍ റസിഡന്‍സി കാര്‍ഡുമായാണ് ഇറ്റലിയിലേക്ക് യാത്ര ചെയ്യാനെത്തിയത്. എന്നാല്‍ പരിശോധനയില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെയാണ് ദുബൈയില്‍ വെച്ച് പിടിയിലായത്.
വ്യാജ രേഖയുമായി രാജ്യം വിടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടിയ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിന്നീട് ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തന്റെ സ്വന്തം രാജ്യത്തുവെച്ച് ഒരു ടൂറിസം ഓഫീസറില്‍ നിന്നാണ് ഈ വ്യാജ റെസിഡന്‍സി കാര്‍ഡ് സംഘടിപ്പിച്ചതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ആറ് മാസം മുമ്പാണ് വ്യാജ രേഖ സ്വന്തമാക്കിയത്. ഇതിനായി 4000 ദിര്‍ഹം ചെലവഴിക്കുകയും ചെയ്‍തു. എന്നാല്‍ തന്റെ ഫോട്ടോ പതിച്ച് നല്‍കിയ റെസിഡന്‍സി കാര്‍ഡ് ഒറിജിനലാണെന്നാണ് ടൂറിസം ഓഫീസര്‍ പറഞ്ഞതെന്നും ഇത് ഉപയോഗിച്ച് ഏത് യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തും പ്രവേശിക്കാമെന്ന് ഇയാള്‍ പറഞ്ഞിരുന്നുവെന്നും യുവാവ് മൊഴി നല്‍കി. വ്യാജ കാര്‍ഡുമായി ദുബൈയിലെത്തിയ ശേഷം അവിടെ നിന്ന് ഇറ്റലിയിലേക്ക് പോകാന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ദുബൈ കോടതി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു.
