Asianet News MalayalamAsianet News Malayalam

നാട്ടില്‍ വെച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം കുരുക്കായി; ഇന്ത്യക്കാരന് യുഎഇയില്‍ ശിക്ഷ

ചിത്രം പോസ്റ്റ് ചെയ്തത് യുഎഇയില്‍ വെച്ച് അല്ലാത്തതിനാല്‍ ദുബായ് കോടതിക്ക് ഇതില്‍ നടപടിയെടുക്കാനാവില്ലെന്ന് അധ്യാപകന്റെ അഭിഭാഷകര്‍ വാദിച്ചു. നിയമം അനുശാസിക്കുന്ന സമയപരിധി കഴിഞ്ഞാണ് കേസ് ഫയല്‍ ചെയ്തതെന്നും പരാതിക്കാരനെയും ദുബായ് പൊലീസ് ഫോറന്‍സിക് വിദഗ്ധനെയും കോടതിയില്‍ വിളിച്ചുവരുത്തി വിസ്തരിക്കണമെന്നും കോടതിയില്‍ പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. 

Man in Dubai fined for posting edited photo on social media
Author
Dubai - United Arab Emirates, First Published Jan 18, 2020, 8:53 PM IST

ദുബായ്: അപമാനകരമായ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറ്റത്തിന് ഇന്ത്യക്കാരന് യുഎഇ കോടതി ശിക്ഷ വിധിച്ചു. ദുബായില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍ 10,000 ദിര്‍ഹം (1.9 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ നല്‍കണമെന്നാണ് വിധി.

31കാരനായ അധ്യാപകന്‍ മറ്റൊരാളുടെ ചിത്രം എഡിറ്റ് ചെയ്താണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രചരിപ്പിച്ചത്. ദുബായിലെ ഒരു സ്ഥാപനത്തില്‍ മാനേജറായി ജോലി ചെയ്യുന്ന ഇന്ത്യക്കാരനെ നായയുടെ രൂപത്തില്‍ ചിത്രീകരിക്കുന്ന ഫോട്ടോയായിരുന്നു ഇത്. പുതിയ ഇനത്തില്‍ പെട്ട നായകളെ വില്‍ക്കാനുണ്ടെന്ന് ഫോട്ടോയ്ക്കൊപ്പം അടിക്കുറിപ്പും നല്‍കി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ജൂണ്‍ മാസത്തിലാണ് ചിത്രം പരാതിക്കാരന്റെ ശ്രദ്ധയില്‍പെട്ടത്. ഇയാള്‍ ജൂണ്‍ നാലിന് അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

തുടര്‍ന്ന് ദുബായ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, സൈബര്‍ ക്രൈം ഉദ്യോഗസ്ഥര്‍ പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്കായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് ആന്റ് ഫോറന്‍സിക്സിലേക്ക് അയച്ചു. പ്രതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഒരു ഇന്ത്യക്കാരി തന്നെയാണ് തന്റെ ശ്രദ്ധയില്‍ പെടുത്തിയതെന്ന് പരാതിക്കാരന്‍ പറഞ്ഞു. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളിലും ഇയാള്‍ ഈ ചിത്രം പോസ്റ്റ് ചെയ്തതായി കണ്ടെത്തുകയും ചെയ്തു.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. താന്‍ ഇന്ത്യയില്‍ വെച്ചാണ് ചിത്രം പോസ്റ്റ് ചെയ്തതെന്ന് ഇയാള്‍ മൊഴി നല്‍കി. വിചാരണ തുടങ്ങിയപ്പോള്‍ ഇയാള്‍ കുറ്റം നിഷേധിക്കുകയും ചെയ്തു. ചിത്രം പോസ്റ്റ് ചെയ്തത് യുഎഇയില്‍ വെച്ച് അല്ലാത്തതിനാല്‍ ദുബായ് കോടതിക്ക് ഇതില്‍ നടപടിയെടുക്കാനാവില്ലെന്ന് അധ്യാപകന്റെ അഭിഭാഷകര്‍ വാദിച്ചു. നിയമം അനുശാസിക്കുന്ന സമയപരിധി കഴിഞ്ഞാണ് കേസ് ഫയല്‍ ചെയ്തതെന്നും പരാതിക്കാരനെയും ദുബായ് പൊലീസ് ഫോറന്‍സിക് വിദഗ്ധനെയും കോടതിയില്‍ വിളിച്ചുവരുത്തി വിസ്തരിക്കണമെന്നും കോടതിയില്‍ പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയായിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios