റാസല്‍ഖൈമ: മുന്‍ഭാര്യക്ക് അശ്ലീല സന്ദേശങ്ങളയച്ച യുവാവ് 40,000 ദിര്‍ഹം നഷ്‍ടപരിഹാരം നല്‍കണമെന്ന് യുഎഇ കോടതി ഉത്തരവിച്ചു. തനിക്കുണ്ടായ മാനസിക, വൈകാരിക ബുദ്ധിമുട്ടുകള്‍ക്ക് പകരമായി നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി യുവതി റാസല്‍ഖൈമ പ്രാഥമിക കോടതിയെ സമീപിക്കുകയായിരുന്നു.

കേസ് ആദ്യം പരിഗണിച്ച കോടതി 70,000 ദിര്‍ഹത്തിന്റെ നഷ്ടപരിഹാരമാണ് വിധിച്ചത്. ഇതിനെതിരെ യുവാവ് അപ്പീല്‍ നല്‍കുകയായിരുന്നു. അപ്പീല്‍ കോടതി നഷ്ടപരിഹാരത്തുക 40,000 ദിര്‍ഹമാക്കി കുറച്ചുകൊടുത്തു. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന സന്ദേശങ്ങളാണ് തനിക്ക് മുന്‍ഭര്‍ത്താവ് അയച്ചുകൊണ്ടിരിക്കുന്നതെന്ന് യുവതി പരാതിയില്‍ ആരോപിച്ചു. താന്‍ മറ്റൊരാളെ വിവാഹം കഴിച്ച്, ഭര്‍ത്താവിനോടും കുട്ടികളോടുമൊപ്പം ജീവിക്കുന്ന സാഹചര്യത്തില്‍, മുന്‍ഭര്‍ത്താവിന്റെ ഇത്തരം സന്ദേശങ്ങള്‍ പ്രയാസം സൃഷ്ടിക്കുന്നതായും യുവതി ആരോപിച്ചിരുന്നു.