ദുബൈ: ഉറങ്ങിക്കിടന്ന വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച തൊഴിലുടമയ്ക്ക് ദുബൈയില്‍ 10 വര്‍ഷം ജയില്‍ ശിക്ഷയും നാടുകടത്തലും. അംഗോളയില്‍ നിന്നുള്ള 30കാരിയായ ഗാര്‍ഹിക തൊഴിലാളിയെ 36കാരനായ പാകിസ്ഥാനി തൊഴിലുടമ വീടിനുള്ളില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ദുബൈയിലെ അല്‍ ബര്‍ഷയില്‍ പാകിസ്ഥാനിയുടെ വീട്ടിലാണ് സംഭവം ഉണ്ടായത്. നല്ല ഉറക്കത്തിലായതിനാല്‍ പ്രതി ശരീരത്തില്‍ സ്പര്‍ശിച്ചത് അറിഞ്ഞില്ലെന്നും പീഡനത്തിനിടെ പെട്ടെന്ന് ഉണര്‍ന്നപ്പോഴാണ് നഗ്നനായി അടുത്തു കിടക്കുന്ന തൊഴിലുടമയെ കണ്ടതെന്നും വീട്ടുജോലിക്കാരിയായ യുവതി ദുബൈ പ്രാഥമിക കോടതിയെ അറിയിച്ചു. താന്‍ നന്നായി ഉറങ്ങാറുണ്ടെന്നും ഗാഢനിദ്രയിലായപ്പോഴാണ് സംഭവം ഉണ്ടായതെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഞെട്ടിയുണര്‍ന്ന് പ്രതിയോട് മുറിയില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞ ശേഷം വീടിന് പുറത്തേക്ക് പോയ യുവതി ദുബൈ പൊലീസില്‍ അറിയിക്കുകയായിരുന്നു.

വീടിന് വെളിയില്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന യുവതിയെ കണ്ടെന്നും തൊഴിലുടമ പീഡിപ്പിച്ച വിവരം അവര്‍ പറഞ്ഞതായും 26കാരനായ സ്വദേശി പൊലീസുകാരന്‍ അറിയിച്ചു. യുവതിയുടെ മുറിയില്‍ കയറിയെന്നും എന്നാല്‍ ഇത് വാതിലിന്റെ പൂട്ട് ശരിയാക്കാന്‍ വേണ്ടിയായിരുന്നെന്നുമാണ് തൊഴിലുടമ പറഞ്ഞത്. തൊഴിലുടമയ്‌ക്കെതിരെ ദുബൈ പബ്ലിക് പ്രാേസിക്യൂഷന്‍ പീഡനക്കുറ്റം ചുമത്തി. കോടതി വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം.