അബുദാബി: അവഹേളിച്ചെന്നാരോപിച്ച് കാമുകിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന യുവാവിന് അബുദാബി കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ക്ക് ഇയാള്‍ ബ്ലഡ് മണി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സംഭവ സമയത്ത് ഇയാള്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്ന് കോടതി രേഖകള്‍ പറയുന്നു.

അറബ് പൗരനായ പ്രതി, കാമുകിയുടെ വീട്ടില്‍ കയറിയാണ് കൊലപാതകം നടത്തിയത്. തന്നെ അവഹേളിച്ചുവെന്നും അപമാനകരമായ തരത്തില്‍ സംസാരിച്ചുവെന്നും അതിന്റെ ദേഷ്യത്തില്‍ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കുത്തുകയായിരുന്നുവെന്നാണ് ഇയാള്‍ പ്രോസിക്യൂഷനോട് പറഞ്ഞത്. എന്നാല്‍ കൊല്ലണമെന്ന് താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു ഇയാളുടെ വാദം. 

തനിക്ക് മാനസിക രോഗമുണ്ടായിരുന്നെന്നും അതിന്റെ ചികിത്സക്കായി മരുന്നുകള്‍ ഉപയോഗിക്കാറുണ്ടായിരുന്നെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വൈദ്യ പരിശോധനയില്‍ പ്രത്യേകിച്ച് അസുഖമൊന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് വിധി പ്രസ്താവിച്ചത്. വിധിക്കെതിരെ മേല്‍ കോടതികളില്‍ നല്‍കിയ അപ്പീലുകള്‍ നിരസിച്ചുകൊണ്ട് പരമോന്നത കോടതി ശിക്ഷ ശരിവെയ്ക്കുകയായിരുന്നു.