ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും തമ്മില്‍ ചില കാര്യങ്ങളെച്ചൊല്ലി കടുത്ത വാഗ്വാദമുണ്ടായി. പരസ്പരം അസഭ്യവര്‍ഷവും നടത്തി.

റാസല്‍ഖൈമ: മദ്യലഹരിയില്‍ സുഹൃത്തിനെ കൊല്ലാന്‍ ശ്രമിച്ച യുവാവിന് റാസല്‍ഖൈമ കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വാക്കുതര്‍ക്കത്തിനിടയില്‍ കൊലപാതകശ്രമം നടത്തിയെങ്കിലും സുഹൃത്തിനെ കൊല്ലാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഇയാള്‍ കോടതിയില്‍ വാദിച്ചു.

ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും തമ്മില്‍ ചില കാര്യങ്ങളെച്ചൊല്ലി കടുത്ത വാഗ്വാദമുണ്ടായി. പരസ്പരം അസഭ്യവര്‍ഷവും നടത്തി. ഇതിനിടെ തന്റെ അമ്മയെ അസഭ്യം പറഞ്ഞുവെന്നാരോപിച്ച് ഇയാള്‍ സുഹൃത്തിനെ ആക്രമിക്കുകയായിരുന്നു. കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. മദ്യലഹരിയില്‍ രാജ്യത്തെ നിയമം ലംഘിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

എന്നാല്‍ വാക്കുതര്‍ക്കത്തിനിടെ പ്രകോപിതനായതാണെന്നും കൊലപാതകം ലക്ഷ്യമിട്ടിരുന്നില്ലെന്നുമാണ് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇയാളുടെ രക്ത പരിശോധന നടത്തിയപ്പോള്‍ 180 മില്ലിഗ്രം ആല്‍ക്കഹോളാണ് കണ്ടെത്തിയത്. അതുകൊണ്ടുതന്നെ സംഭവം നടക്കുമ്പോള്‍ ഒട്ടും സ്വബോധത്തിലായിരുന്നില്ലെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചെങ്കിലും അംഗീകരിച്ചില്ല.