Asianet News MalayalamAsianet News Malayalam

വിളിച്ചപ്പോള്‍ ഫോണെടുക്കാതിരുന്ന പെണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി ഇന്ത്യക്കാരന് ജീവപര്യന്തം

സംഭവദിവസം ജോലി കഴിഞ്ഞ് മദ്യലഹരിയില്‍ വീട്ടിലെത്തിയ താന്‍ പെണ്‍സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും ശേഷം ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിന് യുവതിയുടെ കൈത്തണ്ടയില്‍ കത്തി കൊണ്ട് മുറിവേല്‍പ്പിച്ചതായും പ്രതി വിശദമാക്കി.

man killed girlfriend in Bahrain for not answering phone is sentenced to jail for life
Author
Manama, First Published Nov 27, 2020, 4:06 PM IST

മനാമ: ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്ന പെണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ബഹ്‌റൈനില്‍ ജീവപര്യന്തം തടവുശിക്ഷ. ഇന്നലെയാണ് 36 വയസ്സുള്ള പ്രവാസി ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. 

മനാമയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ജൂണ്‍ ഏഴിനാണ് സംഭവം ഉണ്ടായത്. വിവാഹിതനായ ഇയാള്‍ 30കാരിയായ പെണ്‍സുഹൃത്തിന്റെ കൈത്തണ്ടയില്‍ കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും പിന്നീട് കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നെന്ന് കോടതി രേഖകളില്‍ വ്യക്തമാക്കുന്നു. 10 വര്‍ഷമായി ബഹ്‌റൈനില്‍ താമസിക്കുന്ന പ്രതി ഒരു ക്ലീനിങ് കമ്പനിയിലെ ഡ്രൈവറാണ്. 2019ലാണ് അതേ കമ്പനിയില്‍ ക്ലീനറായി ജോലി ചെയ്യുന്ന യുവതിയെ ഇയാള്‍ പരിചയപ്പെടുന്നത്. സുഹൃത്തുക്കളായതോടെ യുവതി ഇയാളുടെ ഹൂറയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറി. എന്നാല്‍ വാടക, ഭക്ഷണത്തിനുള്ള പണം, ലൈംഗിക ബന്ധം, ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്യാത്തത് എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് നിരവധി തവണ യുവതിയുമായി തര്‍ക്കമുണ്ടായിട്ടുള്ളതായി പ്രതി പറഞ്ഞു. 

സംഭവദിവസം ജോലി കഴിഞ്ഞ് മദ്യലഹരിയില്‍ വീട്ടിലെത്തിയ താന്‍ പെണ്‍സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും ശേഷം ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിന് യുവതിയുടെ കൈത്തണ്ടയില്‍ കത്തി കൊണ്ട് മുറിവേല്‍പ്പിച്ചതായും പ്രതി വിശദമാക്കി. മുറിവേറ്റതോടെ നിലവിളിച്ച യുവതിയോട് ശബ്ദമുണ്ടാക്കരുതെന്ന് പറയുകയും പിന്നീട് കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നെന്ന് ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് മുമ്പ് യുവതി തന്നെയും തന്റെ ഭാര്യയെയും പരിഹസിച്ചിരുന്നെന്നും തനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടെന്നും പ്രതി കുറ്റസമ്മതം നടത്തി. ഇയാള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഉള്ളതായി കോടതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് പ്രവാസി ഇന്ത്യക്കാരനായ പ്രതിയെ ജീവപര്യന്തം തടവിന് വിധിച്ചത്. ശിക്ഷാ കാലാവധി കഴിയുമ്പോള്‍ ഇയാളെ നാടുകടത്തും. 

Follow Us:
Download App:
  • android
  • ios