ഫുജൈറ: യുഎഇയില്‍ വാഹനാപകടത്തില്‍ 21കാരനായ സ്വദേശി മരിച്ചു. ബുധനാഴ്ച വൈകിട്ട് ഫുജൈറയിലെ സറം ഏരിയയില്‍ തവൈന്‍ റോഡില്‍ യുവാവ് ഓടിച്ചിരുന്ന കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

സംഭവത്തെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ ഫുജൈറ പൊലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ നിന്നും ട്രാഫിക് പട്രോള്‍ സംഘം, ആംബുലന്‍സുകള്‍, പാരമെഡിക്കല്‍, രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ എന്നിവ അപകടം നടന്ന സ്ഥലത്തെത്തിയതായി ഫുജൈറ ട്രാഫിക് ആന്‍ഡ് പട്രേള്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ സാലേഹ് അല്‍ ധന്‍ഖാനി പറഞ്ഞു.

എന്നാല്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ ട്രക്ക് ഡ്രൈവറെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. വാഹനമോടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങളും വേഗപരിധിയും കൃത്യമായി പാലിക്കണമെന്ന് കേണല്‍ അല്‍ ധന്‍ഖാനി കൂട്ടിച്ചേര്‍ത്തു.