വിമാനത്തിലേക്കുള്ള ബോര്‍ഡിങ് ഗേറ്റ് അടച്ചതിന് ശേഷമാണ് യുവാവ് എയര്‍പോര്‍ട്ടിലെത്തിയത്. മറ്റൊരു സ്ത്രീയും ഇയാള്‍ക്കൊപ്പം വൈകിയെത്തിയിരുന്നു. വിമാനത്തില്‍ ഇനി കയറാനാവില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതോടെ സ്ത്രീ പിന്മാറി. 

ഡബ്ലിന്‍: വിമാനത്താവളത്തില്‍ വൈകിയെത്തിയ യുവാവ് ജീവനക്കാരെയും സുരക്ഷാ ഉദ്ദ്യോഗസ്ഥരെയും അവഗണിച്ച് റണ്‍വേയിലൂടെ ഓടിയത് പരിഭ്രാന്തി പരത്തി. അയര്‍ലന്റിലെ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. ആംസ്റ്റര്‍ഡാമിലേക്കുള്ള റയാന്‍ എയര്‍ വിമാനത്തില്‍ പോകാനെത്തിയ പാട്രിക് കെഹോ എന്ന 23കാരനാണ് നാടകീയ നീക്കങ്ങള്‍ നടത്തി വിമാനത്താവളത്തെ മുഴുവന്‍ അല്‍പ്പസമയം മുള്‍മുനയില്‍ നിര്‍ത്തിയത്.

വിമാനത്തിലേക്കുള്ള ബോര്‍ഡിങ് ഗേറ്റ് അടച്ചതിന് ശേഷമാണ് യുവാവ് എയര്‍പോര്‍ട്ടിലെത്തിയത്. മറ്റൊരു സ്ത്രീയും ഇയാള്‍ക്കൊപ്പം വൈകിയെത്തിയിരുന്നു. വിമാനത്തില്‍ ഇനി കയറാനാവില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതോടെ സ്ത്രീ പിന്മാറി. എന്നാല്‍ തനിക്ക് അതേ വിമാനത്തില്‍ തന്നെ പോയേ തീരുവെന്ന് നിര്‍ബന്ധം പിടിച്ച കൗണ്ടറിന് മുന്നില്‍ അല്‍പ്പനേരം ബഹളമുണ്ടാക്കി. തുടര്‍ന്ന് ഉദ്ദ്യോഗസ്ഥരെ തള്ളിനീക്കി ഏപ്രണിലേക്ക് ഓടിക്കയറുകയായിരുന്നു. 

വിമാനം അതേസമയം റണ്‍വേയിലേക്ക് നീങ്ങിയിരുന്നു. വിമാനം നിര്‍ത്തണമെന്ന് പറഞ്ഞ് സ്യൂട്ട് കെയ്സുമായി പിന്നാലെ ഓടിയ ഇയാളെ സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഡബ്ലിനിലെ ജില്ലാ കോടതിയില്‍ ഹാജരാക്കി. വിമാനത്താവളത്തിലെ ഒരു വാതിലും ലോക്കും ഇയാള്‍ തകര്‍ത്തുവെന്നും ഇതുവഴി 16,000 രൂപയോളം നഷ്ടം വരുത്തിയെന്നും ഉദ്ദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. തുക ഈടാക്കിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ട കോടതി, അടുത്തമാസം വീണ്ടും ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതിയില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോടും ഇയാള്‍ ക്ഷോഭിച്ചു.