മയക്കുമരുന്നിന്റെ ശേഖരവുമായാണ് യുഎഇ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി ഇയാള്‍ മയക്കുമരുന്ന് ശേഖരിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍ തന്റെ സ്വകാര്യ ഉപയോഗത്തിനുള്ളതാണെന്നും ആര്‍ക്കും മയക്കുമരുന്ന് വിറ്റിട്ടില്ലെന്നുമാണ് ഇയാള്‍ പൊലീസിനോടും പിന്നീട് പ്രോസിക്യൂഷനോടും പറഞ്ഞത്. 

അബുദാബി: കഴിഞ്ഞുപോയതൊന്നും തനിക്ക് ഓര്‍മ്മയില്ലെന്ന വാദവുമായി മയക്കുമരുന്ന് കച്ചവടത്തില്‍ യുഎഇയില്‍ അറസ്റ്റിലായ പ്രതി. കാര്‍ അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റതിനാല്‍ താല്‍കാലികമായി ഓര്‍മ നശിച്ചു പോകുന്ന അസുഖമുണ്ടെന്നും പൊലീസിനോട് കുറ്റം സമ്മതിച്ചത് ഇപ്പോള്‍ ഓര്‍മയില്ലെന്നുമാണ് പ്രതി കോടതിയില്‍ വാദിച്ചത്.

മയക്കുമരുന്നിന്റെ ശേഖരവുമായാണ് യുഎഇ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി ഇയാള്‍ മയക്കുമരുന്ന് ശേഖരിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍ തന്റെ സ്വകാര്യ ഉപയോഗത്തിനുള്ളതാണെന്നും ആര്‍ക്കും മയക്കുമരുന്ന് വിറ്റിട്ടില്ലെന്നുമാണ് ഇയാള്‍ പൊലീസിനോടും പിന്നീട് പ്രോസിക്യൂഷനോടും പറഞ്ഞത്. എന്നാല്‍ മയക്കുമരുന്ന് കൈവശം വെച്ചതിനും വില്‍പ്പന നടത്തിയതിനുമുള്ള കുറ്റങ്ങള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കി.

കേസ് കോടതി പരിഗണിച്ചപ്പോള്‍ ഇതുവരെ നടന്നതൊന്നും തനിക്ക് ഓര്‍മയില്ലെന്നായി ഇയാളുടെ വാദം. താന്‍ മയക്കുമരുന്ന് കൈവശം വെച്ചിട്ടില്ല. കുറ്റസമ്മതം നടത്തിയ കാര്യം ഓര്‍മ്മയില്ല. 2008ല്‍ ഒരു വാഹനാപകടം നടന്നശേഷം തനിക്ക് ഭാഗികമായി ഓര്‍മ നഷ്ടപ്പെടുന്ന അസുഖമുണ്ടെന്നും ഇയാള്‍ വാദിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് തലച്ചോറില്‍ മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയെന്നും തലച്ചോറിന്റെ അല്‍പ ഭാഗം എടുത്ത് മാറ്റിയിട്ടുണ്ടെന്നും ഇയാളുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു. അതുകൊണ്ടുതന്നെ പറയുന്നതിനും ചെയ്യുന്നതിനു ഉത്തരവാദിയായിക്കണ്ട് പ്രതിയെ ശിക്ഷിക്കാനാവില്ലെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്.

രോഗത്തിന്റെ ചില ഘട്ടങ്ങളില്‍ അതേദിവസം രാവിലെ ചെയ്ത കാര്യങ്ങള്‍ പോലും മറന്നുപോകുമെന്ന് വാദിച്ച പ്രതി തന്റെ ചികിത്സയുടെ രേഖകളും കോടതിയില്‍ അറിയിച്ചു.