ഇരുവരും വിവാഹിതരായിരുന്ന സമയത്ത് തന്റെ ഉടമസ്ഥതയിലുള്ള രണ്ട് വാഹനങ്ങള്‍ ഓടിച്ചിരുന്നത് ഭര്‍ത്താവായിരുന്നുവെന്ന് യുവതി പരാതിയില്‍ ആരോപിച്ചു. 

അബുദാബി: യുഎഇയില്‍ മുന്‍ഭാര്യയുടെ രണ്ട് കാറുകള്‍ ഓടിച്ച് ലക്ഷക്കണക്കിന് രൂപയുടെ ട്രാഫിക് ഫൈന്‍‍ വരുത്തിവെച്ച യുവാവിനെതിരെ കോടതിയില്‍ കേസ്. വിവാഹ മോചനശേഷം മുന്‍ ഭാര്യയാണ് വിദേശ പൗരനെതിരെ കോടതിയെ സമീപിച്ചത്. ആകെ 80,830 ദിര്‍ഹത്തിന്റെ (18 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയാണ് ഇയാള്‍ യുഎഇയില്‍ ഉടനീളമുള്ള റോഡുകളില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് വരുത്തിവെച്ചത്.

ഇരുവരും വിവാഹിതരായിരുന്ന സമയത്ത് തന്റെ ഉടമസ്ഥതയിലുള്ള രണ്ട് വാഹനങ്ങള്‍ ഓടിച്ചിരുന്നത് ഭര്‍ത്താവായിരുന്നുവെന്ന് യുവതി പരാതിയില്‍ ആരോപിച്ചു. ഭാര്യയുടെ പേരിലുള്ള വാഹനങ്ങള്‍ക്കാണ് ഇത്രയധികം ട്രാഫിക് ഫൈനുകള്‍ ലഭിച്ചത്. ഇതിനിടെ ചില കുടുംബ പ്രശ്നങ്ങള്‍ കാരണം ഇവര്‍ വിവാഹമോചിതരായി. എന്നാല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാന്‍ യുവാവ് വിസമ്മതിക്കുകയായിരുന്നു. ഇതാണ് കോടതിയെ സമീപിക്കാന്‍ കാരണമായത്.

വാഹനത്തിന്റെ രേഖകളും ട്രാഫിക് ഫൈന്‍ ലഭിച്ച നിയമലംഘനങ്ങളുടെ വിശദാംശങ്ങളും യുവതി കോടതിയില്‍ സമര്‍പ്പിച്ചു. ഇയാള്‍ തന്നെയാണ് യുവതിയുടെ വാഹനങ്ങള്‍ ഓടിച്ചിരുന്നതെന്നും ഫൈനുകള്‍ വരുത്തിവെച്ചതെന്നും പൊലീസ് അന്വേഷണത്തിലും വ്യക്തമായി. ഇതോടെ പിഴത്തുക മുഴുവന്‍ മുന്‍ഭര്‍ത്താവിന്റെ ട്രാഫിക് ഫയലിലേക്ക് മാറ്റാന്‍ അബുദാബി ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് ക്ലെയിംസ് കോടതി വിധിച്ചു. കേസ് നടപടികള്‍ക്കായി യുവതിക്ക് ചെലവായ തുകയും ഇയാള്‍ തന്നെ നല്‍കണമെന്ന് കോടതി വിധിയില്‍ പറയുന്നു.

Read also: തീവ്രവാദ സംഘടനകളില്‍ ചേര്‍‍ന്ന് പ്രവര്‍ത്തിച്ച രണ്ട് പേരെ വധശിക്ഷക്ക് വിധേയമാക്കി