ദുബായ്: ലിഫ്റ്റില്‍ വെച്ച് വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ ദുബായില്‍ അറസ്റ്റിലായി. 24കാരനായ ഇന്ത്യന്‍ പൗരന്‍ ലിഫ്റ്റില്‍ വെച്ച് നഗ്നത പ്രദര്‍ശിപ്പിക്കുകയും തന്നെ അപമര്യാദയായി സ്പര്‍ശിക്കുകയും ചെയ്തുവെന്ന് കാണിച്ച് ബ്രിട്ടീഷ് പൗരയാണ് പരാതി നല്‍കിയത്. ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ യുവാവിനെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി.

35 വയസുള്ള ബ്രിട്ടീഷുകാരി ഭര്‍ത്താവിനൊപ്പമാണ് യുഎഇ സന്ദര്‍ശിക്കാനെത്തിയത്. സംഭവദിവസം വൈകുന്നേരം 4.40ന് കെട്ടിടത്തിന്റെ 37-ാം നിലയിലുള്ള ജിംനേഷ്യത്തില്‍ പോകാനായി ലിഫ്റ്റില്‍ കയറിയപ്പോള്‍ ഇന്ത്യക്കാരനായ പ്രതിയും ഒപ്പം കയറി. ഇരുവരും മാത്രമാണ് ലിഫ്റ്റിനുള്ളില്‍ ഉണ്ടായിരുന്നത്. ലിഫ്റ്റ് നിങ്ങിത്തുടങ്ങിയപ്പോള്‍ ഇയാള്‍ അടുത്തേക്ക് വന്ന് തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും താന്‍ മാറി നിന്നപ്പോള്‍ പിന്നെയും അടുത്ത് വന്ന് അശ്ലീലമായ തരത്തില്‍ ശബ്ദമുണ്ടാക്കുകയും ചേര്‍ന്ന് നിന്ന് സ്വയംഭോഗം ചെയ്യുകയും ചെയ്തു. ഉപദ്രവിക്കുമെന്ന് ഭയന്നതിനാല്‍ ശബ്ദമുണ്ടാക്കിയില്ലെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ വസ്ത്രത്തില്‍ നിന്ന് ഇയാളുടെ ബീജം ഫോറന്‍സിക് വിദഗ്ദര്‍ കണ്ടെത്തി.

34-ാമത്തെ നിലയില്‍ ഇയാള്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് യുവതി സുരക്ഷാ ജീവനക്കാരോട് പരാതിപ്പെട്ടു. സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ തിരിച്ചറിഞ്ഞു. പൊലീസില്‍ അറിയിച്ചതിന് പിന്നാലെ ഫോറന്‍സിക് വിദഗ്ദര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ലിഫ്റ്റിനുള്ളില്‍ സിസിടിവി ക്യാമറകളുണ്ടായിരുന്നില്ലെങ്കിലും പരാതിക്കാരിക്കൊപ്പം ഇയാള്‍ ലിഫ്റ്റിനുള്ളിലേക്ക് കയറുന്നത് മറ്റ് ക്യാമറകളിലെ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തൊട്ടടുത്ത ദിവസം അതേ കെട്ടിടത്തില്‍ നിന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. ഒരു തവണ മാത്രമേ യുവതിയോട് ചേര്‍ന്നുനിന്നുള്ളൂവെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞത്. യുവതിയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെടുത്ത ബീജം ഇയാളുടേത് തന്നെയെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചെങ്കിലും പ്രോസിക്യൂഷന്‍ ഇത് ഖണ്ഡിച്ചു. കടുത്ത ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയും ചെയ്തു.  കേസ് ഫെബ്രുവരി 25ന് പരിഗണിക്കാനായി കോടതി മാറ്റിവെച്ചു.