റിയാദ്: കാറുടമയുടെ പുകവലി കാരണം പെട്രോള്‍ പമ്പില്‍ തീപ്പിടുത്തം. സൗദി അറേബ്യയിലെ ഉനൈസ ഗവര്‍ണറേറ്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇന്ധനം നിറയ്‍ക്കുന്നതിനിടെ കാര്‍ ഡ്രൈവര്‍ പെട്രോള്‍ പമ്പ് ജീവനക്കാരനുമായി സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ സിഗിരറ്റ് തന്റെ കൈയില്‍ നിന്ന് നിലത്തുവീഴുന്നതും ഇയാള്‍ അത് എടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത് കണ്ട് പരിഭ്രാന്തനായ പമ്പ് ജീവനക്കാരന്‍ ഇന്ധനം നിറയ്ക്കുന്ന നോസില്‍ വാഹനത്തില്‍ നിന്ന് വലിച്ചെടുത്തതോടെ പെട്രോള്‍ നിലത്ത് വീണു.

നിലത്തുവീണ പെട്രോളില്‍ ഉടന്‍തന്നെ തീപ്പിടിക്കുകയായിരുന്നു. പമ്പ് ജീവനക്കാരന്റെ ശരീരത്തിലും തീപടര്‍ന്നു. ഇയാള്‍ നിലത്ത് കിടന്നുരുളുന്നത് വീഡിയോയില്‍ കാണാം. വാഹനത്തിന്റെ ഡോര്‍ തുടര്‍ന്ന് ഡ്രൈവറും ഇറങ്ങിയോടി. പമ്പിലെ മറ്റ് ജീവനക്കാര്‍ അല്‍പസമയത്തിനകം തന്നെ ഓടിയെത്തി അഗ്നിശമന ഉപകരണങ്ങള്‍ കൊണ്ട് തീ കെടുത്തുകയായിരുന്നു.

ഡ്രൈവറുടെ അശ്രദ്ധയാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് അല്‍ ഖസീം സിവില്‍ ഡിഫന്‍സ് മീഡിയ വക്താവ് ബ്രിഗേഡിയര്‍ ഇബ്രാഹിം അബ അല്‍ ഖലീല്‍ പറഞ്ഞു. പമ്പില്‍ പുകവലിക്കരുതെന്ന സുരക്ഷാ നിര്‍ദേശം ഇയാള്‍ അവഗണിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഡ്രൈവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona