മയക്കുമരുന്ന് എത്തിക്കുന്നതിന് പണത്തിനൊപ്പം യുഎഇയിലെ തൊഴില്‍ വിസ സംഘടിപ്പിച്ച് നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നതായി ഇയാള്‍ പറ‍ഞ്ഞു.

ദുബായ്: യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കാനായി രാജ്യത്തേക്ക് മയ്കക്കുമരുന്ന് കടത്തിയ പാകിസ്ഥാന്‍ സ്വദേശി പിടിയിലായി. സന്ദര്‍ശക വിസയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 29 വയസുകാരന്റെ വയറ്റില്‍ 61 ഹെറോയിന്‍ ക്യാപ്‍സ്യൂളുകളാണ് ഒളിപ്പിച്ചിരുന്നത്.

മയക്കുമരുന്നാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവ കടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പാകിസ്ഥാനില്‍ നിന്ന് ഒരാള്‍ തന്നെ ഏല്‍പ്പിച്ചതാണെന്നും യുഎഇയില്‍ എത്തുമ്പോള്‍ മറ്റൊരാള്‍ ഇവ കൈപ്പറ്റുമെന്നും പറ‍ഞ്ഞിരുന്നു. മയക്കുമരുന്ന് എത്തിക്കുന്നതിന് പണത്തിനൊപ്പം യുഎഇയിലെ തൊഴില്‍ വിസ സംഘടിപ്പിച്ച് നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നതായി ഇയാള്‍ പറ‍ഞ്ഞു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പിടിയിലായ ഉടന്‍ തന്നെ ആറ് ഗുളികകള്‍ ഇയാള്‍ പുറത്തെടുത്തു. ശേഷിക്കുന്നവ ആശുപത്രിയില്‍ കൊണ്ടുപോയാണ് ആന്റി നാര്‍ക്കോട്ടിക്സ് അധികൃതര്‍ പുറത്തെടുത്തത്. 717.8 ഗ്രാം ഹെറോയിനാണ് ആകെ ഇതിലുണ്ടായിരുന്നത്. പ്രതിയെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയില്‍ ഹാജരാക്കി.