വിമാനത്താവളത്തില്‍ നിന്ന് മോഷ്ടിച്ച ചെറുവിമാനം ഇടിച്ചിറക്കി യുവാവ് ആത്മഹത്യ ചെയ്തു. അമേരിക്കയിലെ സിയാറ്റിലിലുള്ള ടകോമ വിമാനത്താവളത്തിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരമാണ് 29 വയസുള്ള യുവാവ് 70 സീറ്റുള്ള വിമാനം മോഷ്ടിച്ചത്.
വാഷിങ്ടണ്‍: വിമാനത്താവളത്തില്‍ നിന്ന് മോഷ്ടിച്ച ചെറുവിമാനം ഇടിച്ചിറക്കി യുവാവ് ആത്മഹത്യ ചെയ്തു. അമേരിക്കയിലെ സിയാറ്റിലിലുള്ള ടകോമ വിമാനത്താവളത്തിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരമാണ് 29 വയസുള്ള യുവാവ് 70 സീറ്റുള്ള വിമാനം മോഷ്ടിച്ചത്.
അനുമതിയില്ലാതെ വിമാനം പറന്നുയരുന്നത് തിരിച്ചറിഞ്ഞ വിമാനത്താവള അധികൃതര്‍ അമേരിക്കന്‍ വ്യോമസേനയെ വിവരം അറിയിച്ചു. ഉടന്‍തന്നെ രണ്ട് സൈനിക വിമാനങ്ങള്‍ പറന്നെത്തി വിമാനത്തെ നിരീക്ഷിച്ചു. എന്നാല്‍ 50 കിലോമീറ്ററോളം പറത്തിയ വിമാനം ഇയാള്‍ തന്നെ ഇടിച്ചിറക്കുകയായിരുന്നു. സംഭവം തീവ്രവാദി ആക്രമണമല്ലെന്നും യുവാവ് ആത്മഹത്യ ചെയ്യാനായി ഇത്തരമൊരു സംഭവം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
വിമാനം അനധികൃതമായി പറത്തിയെന്നാണ് ഔദ്ദ്യോഗികമായി പുറത്തുവന്ന വിശദീകരണം. സംഭവം നടന്നയുടന്‍ വിമാനത്താവളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു. എന്നാല്‍ അട്ടിമറി സാധ്യത തള്ളിക്കളഞ്ഞതോടെ പിന്നീട് സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. വിമാനം പറത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഒരു എയര്‍ലൈന്‍ കമ്പനിയിലെ ജീവനക്കാരനാണെന്നാണ് വിവരം. മറ്റാരുടെയും സഹായം ഇയാള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.
തട്ടിയെടുത്ത വിമാനം വളരെ താഴ്ന്ന് പറക്കുന്ന ദൃശ്യങ്ങള്‍ പരിസരവാസികളായ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.