അച്ഛന്റെ പ്രായവും ആരോഗ്യ സ്ഥിതിയും പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പരിമിതികളുണ്ടെന്നും അതുകൊണ്ടുതന്നെ തനിക്ക് അനുകൂലമായ പ്രത്യേക വിധിയുണ്ടാവണമെന്നുമായിരുന്നു മകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. 

അബുദാബി: മകന്‍ അന്യായമായി കൈക്കലാക്കിയ പണവും ചെക്കുകളും തിരികെ വേണമെന്നാവശ്യപ്പെട്ട് അച്ഛന്‍ കോടതിയില്‍. അബുദാബിയിലെ ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് ക്ലെയിംസ് കോടതിയിലാണ് ഒരു പ്രവാസി ഹര്‍ജി നല്‍കിയത്. എന്നാല്‍ അച്ഛന് കാര്യങ്ങള്‍ നോക്കി നടത്താന്‍ ആരോഗ്യമില്ലെന്നായിരുന്നു മകന്റെ വാദം.

30 വയസില്‍ താഴെ പ്രായമുള്ള മകനെതിരെ പരാതിയുമായാണ് അച്ഛന്‍ കോടതിയെ സമീപിച്ചത്. തനിക്ക് പല സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച ഏഴ് ചെക്കുകള്‍ മകന്‍ കൈവശപ്പെടുത്തിയെന്നായിരുന്നു പരാതി. അച്ഛന് പണം നല്‍കാനുള്ളവരുടെ ചെക്കുകള്‍ മകന്‍ സ്വീകരിച്ച് രേഖകളില്‍ ഒപ്പിട്ട് നല്‍കിയ ശേഷം അവ അച്ഛന് കൈമാറാതിരിക്കുകയായിരുന്നു. പണം തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും അച്ഛന്‍ കോടതിയില്‍ ഹാജരാക്കി.

ചെക്കുകള്‍ തന്റേതാണെന്നും അവ പണമാക്കി മാറ്റാന്‍ തനിക്ക് നല്‍കണമെന്നും പല തവണ ആവശ്യപ്പെട്ടിട്ടും മകന്‍ ഗൗനിച്ചില്ലെന്നും അതുകൊണ്ടാണ് പ്രശ്‍നം കോടതിയിലെത്തിക്കേണ്ടി വന്നതെന്നും അച്ഛന്‍ പറഞ്ഞു. മകന്‍ തന്റെ പക്കല്‍ നിന്ന് എടുത്തുകൊണ്ടുപോയ 75,000 ദിര്‍ഹം തിരികെ വാങ്ങി തരണമെന്നും അച്ഛന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അച്ഛന്റെ പ്രായവും ആരോഗ്യ സ്ഥിതിയും പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പരിമിതികളുണ്ടെന്നും അതുകൊണ്ടുതന്നെ തനിക്ക് അനുകൂലമായ പ്രത്യേക വിധിയുണ്ടാവണമെന്നുമായിരുന്നു മകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. അച്ഛന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ കമ്മിറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹത്തിന്റെ സ്വകാര്യ, സാമ്പത്തിക ഇടപാടുകള്‍ക്കായി ഒരാളെ നിയോഗിക്കേണ്ടതുണ്ടെന്നും മകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു.

ചെക്കുകളുടെ ഉടമ അച്ഛന്‍ തന്നെയാണെന്ന് വ്യക്തമായതോടെ ഏഴ് ചെക്കുകളും അച്ഛന് തന്നെ കൈമാറാന്‍ മകനോട് കോടതി നിര്‍ദേശിച്ചു. കോടതി ചെലവുകളും മകനില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ 75,000 ദിര്‍ഹം മകനില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന ആവശ്യം കോടതി തള്ളി. ഈ തുക കൈപ്പറ്റിയെന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്.