Asianet News MalayalamAsianet News Malayalam

സമ്മാനം നല്‍കിയ കാറിന്റെ ലോണ്‍ അടയ്ക്കുന്നില്ല; ഭാര്യക്കെതിരെ കോടതിയെ സമീപിച്ച് യുവാവ്

തനിക്ക് കാര്‍ വാങ്ങി നല്‍കണമെന്ന് ഭാര്യ ആവശ്യപ്പെട്ടുവെന്നും വായ്‍പ അടച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്‍തിട്ടുണ്ടായിരുന്നു എന്നുമാണ് യുവാവിന്റെ വാദം.

Man sues wife for not paying loan of car that was a birthday gift
Author
Abu Dhabi - United Arab Emirates, First Published Feb 28, 2021, 11:08 PM IST

അബുദാബി: ഭാര്യയുടെ പേരില്‍ താന്‍ വാങ്ങി നല്‍കിയ കാറിന്റെ ലോണ്‍ തിരിച്ചടയ്‍ക്കുന്നില്ലെന്ന് ആരോപിച്ച് യുവാവിന്റെ പരാതി. 1,08,000 ദിര്‍ഹത്തിന്റെ വായ്‍പ 2023 മാര്‍ച്ചിനുള്ളിലാണ് അടച്ച് തീര്‍ക്കേണ്ടത്. ഈ തുക ഭാര്യ അടയ്‍ക്കണമെന്നും തനിക്ക് 20,000 ദിര്‍ഹത്തിന്റെ നഷ്‍ടപരിഹാരവും അതിന്മേലുള്ള നിയമപരമായ പലിശയും വേണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ പരാതി നല്‍കിയത്.

ദമ്പതികളുടെ വിവാഹമോചന കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. തനിക്ക് കാര്‍ വാങ്ങി നല്‍കണമെന്ന് ഭാര്യ ആവശ്യപ്പെട്ടുവെന്നും വായ്‍പ അടച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്‍തിട്ടുണ്ടായിരുന്നു എന്നുമാണ് യുവാവിന്റെ വാദം. വാഹനത്തിന്റെ ഉടമസ്ഥാവകാശം ഭാര്യക്കാണെന്ന് തെളിയിക്കുന്ന രേഖകളും വായ്‍പ സംബന്ധിച്ച് തന്റെ പേരിലുള്ള രേഖകളും ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചു. 

എന്നാല്‍ തന്നോടുള്ള സ്‍നേഹപ്രകടമായി ജന്മദിനത്തില്‍ ഭര്‍ത്താവ് സമ്മാനിച്ച സര്‍പ്രൈസ് ഗിഫ്റ്റായിരുന്നു കാറെന്നാണ് യുവതി കോടതിയെ അറിയിച്ചത്. അതേസമയം ലോണ്‍ ഭാര്യ അടയ്‍ക്കാമെന്ന് വാഗ്ദാനം ചെയ്‍തതായി ഒരു തെളിവും ഭര്‍ത്താവിന്റെ പക്കലില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇക്കാര്യം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും നിരീക്ഷിച്ചു. 

ഇതിന് പുറമെ ഭാര്യയ്ക്ക് ജോലിയില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഭര്‍ത്താവിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കേസിന്റെ ചെലവുകളും മറ്റ് ഫീസുകളും പരാതിക്കാരന്‍ തന്നെ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
 

Follow Us:
Download App:
  • android
  • ios