നാട്ടിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് പ്രതി അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. പിടിയിലാവുമ്പോള്‍ ഇയാളുടെ വസ്‍ത്രത്തില്‍ രക്തക്കറയുമുണ്ടായിരുന്നു.
റാസല്‍ഖൈമ: രണ്ട് സുഹൃത്തുക്കളെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടാനൊരുങ്ങിയ പ്രവാസിയെ മൂന്ന് മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്‍തു. നാട്ടിലേക്ക് കടക്കാനൊരുങ്ങിയ ഇയാളെ റാസല്‍ഖൈമ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്.
നാട്ടിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് പ്രതി അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. പിടിയിലാവുമ്പോള്‍ ഇയാളുടെ വസ്‍ത്രത്തില്‍ രക്തക്കറയുമുണ്ടായിരുന്നു. നേരത്തെ കൊലപാതക ശ്രമം സംബന്ധിച്ച വിവരം ലഭിച്ചതോടെ സ്ഥലത്ത് കുതിച്ചെത്തിയ പൊലീസ്, ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ വ്യാപകമായ അന്വേഷണം തുടങ്ങുകയായിരുന്നു.
കടം കൊടുത്ത പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സംഭവം യഥാസമയം പൊലീസിനെ അറിയിച്ചവര്‍ക്ക് റാസല്‍ഖൈമ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്‍ദുല്ല ബിന്‍ അല്‍വാന്‍ നന്ദി അറിയിച്ചു. പ്രതിയെ പിടികൂടാന്‍ പൊലീസും വിമാനത്താവള അധികൃതരും നടത്തിയ ഏകോപനത്തെയും അദ്ദേഹം പ്രശംസിച്ചു.
