Asianet News MalayalamAsianet News Malayalam

പ്രവാസികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിര്‍ബന്ധമാക്കാനുള്ള തീരുമാനം പിൻവലിച്ചു

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ എമിഗ്രേഷന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഇന്ത്യ താല്‍ക്കാലികമായി പിന്‍വലിച്ചു. അടുത്ത വര്‍ഷം ജനുവരി മുതല്‍ പ്രവാസികള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. താല്പര്യമുള്ള പ്രവാസികള്‍ക്ക് സ്വമേധയാ രജിസ്റ്റര്‍ ചെയ്യാം. 

Mandatory e migrate registration for Indians deferred
Author
Abu Dhabi - United Arab Emirates, First Published Nov 28, 2018, 7:11 PM IST

ദില്ലി: തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഇന്ത്യ താല്‍ക്കാലികമായി പിന്‍വലിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്ക് പോകുന്നവര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തീരുമാനമാണ് പിന്‍വലിച്ചത്. പ്രവാസികള്‍ക്കിടയിലെ ആശയക്കുഴപ്പം സൃഷ്ടിച്ചതുകൊണ്ടാണ് തീരുമാനം താല്‍ക്കാലികമായി പിന്‍വലിച്ചത്. എന്നാല്‍, താല്പര്യമുള്ള പ്രവാസികള്‍ക്ക് സ്വമേധയാ രജിസ്റ്റര്‍ ചെയ്യാം. 

2019 ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടായിരുന്നു വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നത്. നോണ്‍-ഇ.സി.ആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവര്‍) വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധമായിരുന്നത്. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും വെബ്സൈറ്റ് വഴി വിവരങ്ങള്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരെ 2019 ജനുവരി ഒന്നു മുതല്‍ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ സന്ദര്‍ശക വിസ ഉള്‍പ്പെടെയുള്ള മറ്റ് വിസകളില്‍ പോകുന്നവര്‍ക്ക് ഇത് ബാധകമായിരുന്നില്ല.

വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. അഫ്‍ഗാനിസ്ഥാന്‍, ബഹറൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‍ലന്റ്, യുഎഇ, യമന്‍ എന്നീ രാജ്യങ്ങളില്‍ തൊഴിലിനായി പോകുന്നവരാണ് ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ടത്. 

വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷ ലക്ഷ്യമിട്ട് 2015ലാണ് ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ തുടങ്ങിയത്. നിലവില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവരുടെ (ഇ.സി.ആര്‍ കാറ്റഗറി പാസ്‍പോര്‍ട്ടുള്ളവര്‍) തൊഴില്‍ വിവരങ്ങള്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷമേ വിദേശത്ത് പോകാനാവൂ. വിദ്യാഭ്യാസം കുറഞ്ഞ ഇന്ത്യക്കാര്‍ വിദേശത്ത് ചൂഷണങ്ങള്‍ക്ക് ഇരയാവുന്നത് തടയാനായിരുന്നു ഇത്. 

Follow Us:
Download App:
  • android
  • ios