മാംഗ്ലൂര്‍: ബി.എ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സ്ഥാപക ചെയര്‍മാനും വ്യവസായിയും വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന ഡോ. ബി അഹ്‍മദ് ഹാജി മുഹ്‍യുദ്ദീന്‍ അന്തരിച്ചു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ചയായിരുന്നു അന്ത്യം. മരണസമയത്ത് കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

 1933 ജൂണ്‍ 18ന് ഹാജി മുഹിയുദ്ദീന്‍ ചെയ്യബ്ബയുടെയും മറിയമ്മയുടെയും മകനായി ജനിച്ച അദ്ദേഹം മര വ്യവസായത്തിലൂടെയാണ് ബിസിനസ് രംഗത്ത് തുടക്കം കുറിച്ചത്. വ്യാപാര കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഭാര്യാപിതാവ് യെനപോയ മൊയ്തീന്‍ കുഞ്ഞിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വ്യാപാര രംഗത്തേക്ക് ചുവടുവെച്ചത്.

1957ല്‍ അദ്ദേഹം ബി.എ ഗ്രൂപ്പ് സ്ഥാപിച്ചു. ആറ് പതിറ്റാണ്ടുകള്‍ക്കിപ്പുറം വ്യത്യസ്ഥ മേഖലകളില്‍ പടര്‍ന്നുപന്തലിച്ചു കിടക്കുന്ന വിവിധ സ്ഥാപനങ്ങള്‍ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. മംഗലാപുരത്തെ ഉള്‍നാടന്‍ ഗ്രാമമായ തുംബെ, അദ്ദേഹത്തിന്റെ സംരംഭങ്ങളിലൂടെ പുറംലോകത്ത് പ്രശസ്തമായി. വിവിധ സ്ഥാപനങ്ങളുടെ പ്രയോജനം അനുഭവിച്ച തുംബെ നിവാസികള്‍ക്ക് ഡോ. ബി അഹ്‍മദ് ഹാജി പ്രിയങ്കരനായിരുന്നു.

സമൂഹിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ബി.എ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ആന്റ് ടെക്നിക്കല്‍ സെന്റര്‍, ഒരു കന്നട-ഇംഗ്ലീഷ് മീഡിയം സ്കൂള്‍, പ്രീ യൂണിവേഴ്സിറ്റി കോളേജ്, ഒരു നഴ്സറി സ്കൂള്‍, ദാറുല്‍ ഉലൂം മുഹിയുദ്ദീന്‍ അറബിക് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ വിദ്യാഭ്യാസ രംഗങ്ങളില്‍ വലിയ സംഭാവന നല്‍കി. മംഗലാപുരത്തും പരസര പ്രദേശങ്ങളിലമുള്ള നിരവധി സ്ഥാപനങ്ങളുടെയും ട്രസ്റ്റുകളുടെയും സ്ഥാപകനായിരുന്നു. മംഗളുരുവില്‍ 80 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബദ്‍രിയ എജ്യുക്കേഷണല്‍ സ്ഥാപനങ്ങളുടെ പ്രസിഡന്റായിരുന്നു. സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് സ്ഥാപിതമായ നവ് ഭരത് ഹൈസ്കൂളിന്റയും പ്രസിഡന്റ് പദവി വഹിച്ചുവരികയായിരുന്നു. യെനപോയ ഗ്രൂപ്പിന് കീഴിലുള്ള ഇസ്ലാമിക് അക്കാദമി ഓഫ് എജ്യുക്കേഷന്റെ ട്രസ്റ്റിയായിരുന്നു.

ഭാര്യ: ബീഫാത്തിമ അഹ്‍മദ് ഹാജി. മക്കൾ: തുംബെ മൊയ്തീൻ (അജ്മാൻ ആസ്ഥാനമായ തുംബെ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ), ബി.അബ്ദുസ്സലാം (മാനജിംഗ് ഡയറക്ടർ-സി.ഇ.ഒ ബി.എ ഗ്രൂപ്പ്), ബി.എം അഷറഫ്(ഫൗണ്ടര്‍, മാനജിംഗ് ഡയറക്ടർ മുഹിയുദ്ദീൻ വുഡ് വർക്സ് ഷാര്‍ജ), ഷാബാന ഫൈസൽ (കെഫ് ഹോള്‍ഡിങ്സ് ദുബായ് കോഫൗണ്ടര്‍ & വൈസ് ചെയര്‍പേഴ്‍സണ്‍)