അഞ്ച് വര്‍ഷം മുമ്പാണ് യുഎഇയില്‍ എത്തിയതെന്നും ജോലി ചെയ്‍തിരുന്ന കമ്പനിയില്‍ നിന്ന് തുച്ഛമായ ശമ്പളം മാത്രം ലഭിച്ചിരുന്നതിനാല്‍ പിന്നീട് അനധികൃത മദ്യ കച്ചവടത്തിലേക്ക് തിരിഞ്ഞുവെന്നും ഒന്നാം പ്രതി പൊലീസിനോട് പറഞ്ഞു. 

ദുബൈ: യുഎഇയില്‍ അനധികൃത മദ്യ കച്ചവടക്കാരുടെ ഏറ്റുമുട്ടലില്‍ ഇന്ത്യക്കാരന്‍ മരിക്കുകയും ഏതാനും പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‍ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.കേസില്‍ പ്രതിയായ ഒരു വിദേശിക്ക് വേണ്ടി ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി.

ദുബൈയിലെ അല്‍ തയ് ഏരിയയില്‍ മാര്‍ച്ച് 17ന് ആയിരുന്നു സംഭവം. അനധികൃത മദ്യക്കച്ചവടം നടത്തിയിരുന്ന ഇന്ത്യക്കാരുടെയും ആഫ്രിക്കക്കാരുടെയും രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. പൊട്ടിയ കുപ്പികളും മറ്റ് നാടന്‍ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ ഒരു ഇന്ത്യക്കാരന്റെ മൃതദേഹമാണ് സ്ഥലത്തുനിന്ന് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് ഇന്ത്യക്കാരും അവിടെയുണ്ടായിരുന്നു. ഇതിലൊരാളുടെ കൈ, തോളില്‍ നിന്ന് ഏതാണ്ട് അറ്റുപോയ നിലയിലായിരുന്നു. ഇരുവരെയും റാഷിദ് ആശുപത്രിയിലേക്ക് മാറ്റി.

36 വയസുകാരനായ മുകേഷ് എന്നയാളാണ് മരിച്ചതെന്ന് പിന്നീട് കണ്ടെത്തി. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറുകയും ചെയ്‍തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, കേസില്‍ പ്രതിയായ ഒരു നൈജീരിയക്കാരനെ ദുബൈയിലെ അല്‍ നഹ്‍ദയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‍തു. രണ്ടാമനെ ഷാര്‍ജ പൊലീസിന്റെ സഹായത്തോടെ, ഷാര്‍ജയിലെ വസതിയില്‍ നിന്നും അറസ്റ്റ് ചെയ്‍തു. 

അഞ്ച് വര്‍ഷം മുമ്പാണ് യുഎഇയില്‍ എത്തിയതെന്നും ജോലി ചെയ്‍തിരുന്ന കമ്പനിയില്‍ നിന്ന് തുച്ഛമായ ശമ്പളം മാത്രം ലഭിച്ചിരുന്നതിനാല്‍ പിന്നീട് അനധികൃത മദ്യ കച്ചവടത്തിലേക്ക് തിരിഞ്ഞുവെന്നും ഒന്നാം പ്രതി പൊലീസിനോട് പറഞ്ഞു. താനും മറ്റ് രണ്ട് നൈജീരിയന്‍ സ്വദേശികളും ചേര്‍ന്ന് സംഘര്‍ഷം നടന്ന പ്രദേശത്ത് മദ്യക്കച്ചവടം തുടങ്ങുകയായിരുന്നു. എന്നാല്‍ ഇവിടെ നേരത്തെ തന്നെ അനധികൃത മദ്യകച്ചവടം നടത്തിയിരുന്ന ഇന്ത്യക്കാരുടെ ഒരു സംഘം ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല.

രാത്രിയില്‍ ഇന്ത്യക്കാരുടെ സംഘമെത്തി തങ്ങളോട് സ്ഥലം വിടാനാവശ്യപ്പെട്ടു. പ്രദേശം തുല്യമായി വീതിച്ച് രണ്ട് ഭാഗങ്ങളിലായി കച്ചവടം നടത്താമെന്ന് പറഞ്ഞെങ്കിലും ഇന്ത്യക്കാരുടെ സംഘം അംഗീകരിക്കാതിരുന്നതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ആക്രമണത്തില്‍ തനിക്കും മുറിവേറ്റിരുന്നുവെന്നും ഒരു സുഹൃത്തിന്റെ അപ്പാര്‍ട്ട്മെന്റില്‍ പോയി ചികിത്സ തേടിയെന്നും ഇയാള്‍ പറഞ്ഞു. തനിക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവരാണ്, കൊല്ലപ്പെട്ടയാളെയും പരിക്കേറ്റവരെയും മര്‍ദിച്ചതെന്നായിരുന്നു ഇയാളുടെ വാദം. 

എന്നാല്‍ സംഭവ സമയത്ത് ആ സ്ഥലത്തുപോലും ഉണ്ടായിരുന്നില്ലെന്നായിരുന്നു രണ്ടാം പ്രതിയുടെ വാദം. എട്ട് മാസം മുമ്പ് മാത്രം യുഎഇയിലെത്തിയ താന്‍ ചില ഓട്ടോമൊബൈല്‍ പാര്‍ട്സ് വാങ്ങാനാണ് വന്നതെന്നും മദ്യക്കച്ചവട സംഘത്തില്‍ ചേര്‍ന്നിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു നൈജീരിയക്കാരനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ അന്വേഷണം തുടരുന്നതായും അധികൃതര്‍ പറഞ്ഞു.