കുവൈത്തിൽ നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ നിരവധി തൊഴിലാളികൾ പിടിയിൽ. നിയമലംഘനങ്ങളും ക്രമക്കേടുകളും കണ്ടെത്തി. സ്വത്ത് കൈയേറൽ, അനധികൃത പ്രവർത്തനങ്ങൾ, വ്യാവസായിക സ്ഥലങ്ങളുടെ ദുരുപയോഗം എന്നിവ കണ്ടെത്തുന്നതിനായിരുന്നു പരിശോധന
കുവൈത്ത് സിറ്റി: കുവൈത്തിലെ അംഘാറയുടെ തെക്കൻ സ്‌ക്രാപ്‌യാർഡ് മേഖലയിൽ വ്യാപക പരിശോധന. പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിരവധി തൊഴിലാളികൾ പിടിയിലായി. ആഭ്യന്തര മന്ത്രാലയം, കുവൈത്ത് ഫയർ ഫോഴ്‌സ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ സഹകരണത്തോടെ നടന്ന പരിശോധനയിൽ നിരവധി നിയമലംഘനങ്ങളും ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്.

സ്വത്ത് കൈയേറൽ, അനധികൃത പ്രവർത്തനങ്ങൾ, വ്യാവസായിക സ്ഥലങ്ങളുടെ ദുരുപയോഗം എന്നിവ കണ്ടെത്തുന്നതിനായിരുന്നു പരിശോധന നടത്തിയത്. നിയമലംഘനങ്ങളിൽ ഉൾപ്പെട്ട നിരവധി തൊഴിലാളികളെ അധികൃതർ പിടികൂടുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. രാജ്യത്തെ വ്യാവസായിക മേഖലകളിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനായി ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
കുവൈത്തിലെ മിർഖാബിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളായ 'തമ്പാക്ക്' (ഗുഡ്ക/ഖൈനി) വിൽപന നടത്തിയിരുന്ന കടയിൽ കാപ്പിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ നാല് ഏഷ്യൻ പ്രവാസികൾ പിടിയിലായി. ഇവരിൽ നിന്ന് 9,826 കുവൈത്ത് ദിനാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഒരു കടയ്ക്ക് മുന്നിൽ നിരവധി പ്രവാസി തൊഴിലാളികൾ തടിച്ചുകൂടിയത് ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് സംഘത്തെ കണ്ടതോടെ പലരും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് കടയുടമയെയും സഹായിയെയും മറ്റ് രണ്ട് പ്രവാസികളെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. നിരോധിത പുകയില ഉൽപ്പന്നങ്ങളും നിക്കോട്ടിൻ അടങ്ങിയ മറ്റ് വസ്തുക്കളും വാങ്ങാനാണ് ആളുകൾ അവിടെ തടിച്ചുകൂടിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.


