പെരുന്നാൾ ദിനത്തിലും പിറ്റേന്നും സൗദിക്കെതിരെ രൂക്ഷമായ ഡ്രോൺ ആക്രമണം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 100-ൽ അധികം ഡ്രോണുകൾ തകർത്തതായും, ഇതുവരെ ആകെ 531 ഡ്രോണുകളും നിരവധി മിസൈലുകളും നശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ മേഖല ലക്ഷ്യമാക്കി ശനിയാഴ്ചയും വൻ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച പുലർച്ചെ മുതൽ ഉച്ചവരെ മാത്രം 51 ഡ്രോണുകൾ തടയുകയും നശിപ്പിക്കുകയും ചെയ്തതായി മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. വെള്ളിയാഴ്ചയും സമാനമായ രീതിയിൽ ആക്രമണ ശ്രമങ്ങൾ നടന്നിരുന്നു. വെള്ളിയാഴ്ച കിഴക്കൻ മേഖലയിൽ 51 ഡ്രോണുകളും അൽ ജൗഫ് മേഖലയിൽ ഒരു ഡ്രോണും തകർത്തതായി മന്ത്രാലയം അറിയിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ പ്രതിരോധ നിര തകർക്കുകയായിരുന്നു.

പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വ്യോമ പ്രതിരോധ സേനയും എയർഫോഴ്സും സംയുക്തമായി ഇതുവരെ വൻതോതിലുള്ള ആക്രമണങ്ങളെയാണ് അതിജീവിച്ചത്. ആകെ തകർത്തത് 531 ഡ്രോണുകളും 33 ബാലിസ്റ്റിക് മിസൈലുകളും ഏഴ് ക്രൂയിസ് മിസൈലുകളുമാണ്. ഇവയിൽ ഭൂരിഭാഗവും കിഴക്കൻ മേഖലയെയും തലസ്ഥാനമായ റിയാദിനെയുമാണ് ലക്ഷ്യം വെച്ചിരുന്നത്. വിജന മരുഭൂമിയിലെ (റൂബ് അൽ ഖാലി) ശൈബ എണ്ണപ്പാടം പോലുള്ള ഊർജ്ജ കേന്ദ്രങ്ങളെയും അൽ ഖർജിലെ അമീർ സുൽത്താൻ എയർബേസിനെയുമാണ് പ്രധാനമായും ഇറാൻ വിരുദ്ധ ശക്തികൾ ലക്ഷ്യം വെച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ എല്ലാ മിസൈലുകളും ഡ്രോണുകളും തകർക്കാൻ സൗദി വ്യോമസേനയ്ക്ക് സാധിച്ചു. രാജ്യത്തിെൻറ സുരക്ഷ ഉറപ്പാക്കാൻ തങ്ങളുടെ സൈന്യം സദാ സജ്ജമാണെന്നും മേജർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.