ദുബായ്: ഷോപ്പിങ് ഫെസ്റ്റിവലിന് കാത്തിരിക്കുകയാണ് ദുബായ് നഗരം. 26, 27 തീയ്യതികളില്‍ ഡൗണ്‍ ടൗണ്‍ ബുര്‍ജ് പാര്‍ക്കില്‍ നടക്കുന്ന രണ്ട് ദിവസത്തെ ആഘോഷ പരിപാടികളോടെയാണ് ഇത്തവണ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്.

38 ദിവസം നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ 2020 ഫെബ്രുവരി ഒന്നിനാണ് അവസാനിക്കുന്നത്. ഫെസ്റ്റിവലിന് തുടക്കം കുറച്ചുകൊണ്ട് 12 മണിക്കൂര്‍ വ്യാപാര മേളയാണ് ആദ്യ ദിവസത്തെ പ്രധാന ആകര്‍ഷണം. ആറ് മാളുകളിലായി 25 മുതല്‍ 90 ശതമാനം വരെയാണ് ഡിസ്കൗണ്ട് ലഭിക്കുക. ഡിസംബര്‍ 26ന് ഉച്ച മുതല്‍ അര്‍ദ്ധരാത്രി വരെയാണ് ഈ വ്യാപാരോത്സവം.

സൂപ്പര്‍ സെയിലില്‍ പങ്കെടുക്കുന്ന സ്റ്റോറുകളില്‍ നിന്ന് 300 ദിര്‍ഹത്തിന് മുകളില്‍ വിലയുള്ള സാധനങ്ങള്‍ വാങ്ങുന്നവരെ ഉള്‍പ്പെടുത്തി നറുക്കെടുപ്പുമുണ്ടാകും. 25 പേര്‍ക്ക് 10,000 ദിര്‍ഹത്തിന്റെ വീതമുള്ള ഡിസ്‍കൗണ്ട് കാര്‍ഡുകളാണ് നറുക്കെടുപ്പില്‍ സമ്മാനം. മാള്‍ ഓഫ് എമിറേറ്റ്സ്, മിര്‍ദിഫ് സിറ്റി സെന്റര്‍, ദേറ സിറ്റി സെന്റര്‍, മിഐസം സിറ്റി സെന്റര്‍,  അല്‍ ബര്‍ഷ സിറ്റി സെന്റര്‍, സിന്ദഗ സിറ്റി സെന്റര്‍ എന്നിവയാണ് 12 മണിക്കൂര്‍ സൂപ്പര്‍ സെയിലില്‍ പങ്കെടുക്കുന്നത്.