റിയാദ്: സൗദി അരാംകോയ്ക്ക് നേരെ കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ സൗദിയിലേക്ക് തിരിച്ചു. എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം ഇറാനില്‍ നിന്നുള്ളത് തന്നെയെന്ന് അമേരിക്ക നേരത്തെ പ്രസ്താവിച്ചിരുന്നു. തങ്ങളുടെ സഖ്യകക്ഷിയായ സൗദി അറേബ്യയെ സഹായിക്കാന്‍ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അറിയിച്ചു.

സൗദിയില്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഇറാന്റെ മിസൈലുകളാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഐക്യരാഷ്ട്ര സഭയ്ക്കും കൈമാറാന്‍ കൂടുതല്‍ തെളിവുകള്‍ തങ്ങള്‍ ശേഖരിച്ചുവരികയാണ് അമേരിക്ക. ആക്രമണം എവിടെനിന്നുണ്ടായെന്ന് കണ്ടെത്താന്‍ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. യുദ്ധം ഒഴിവാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.