ഷാര്‍ജ: ഷാര്‍ജ എമിറേറ്റില്‍ സ്വദേശികളുടെ മിനിമം പ്രതിമാന ശമ്പളം 25,000 ദിര്‍ഹമാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 17,500 ദിര്‍ഹമായിരുന്നു. എമിറേറ്റിലെ സോഷ്യല്‍ സര്‍വീസസ് വകുപ്പ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ശമ്പളം വര്‍ദ്ധിപ്പിച്ചതെന്ന് യുഎഇ സുപ്രീം  കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.

കുടുംബങ്ങളുടെ ചെലവ് വിവരങ്ങള്‍ താന്‍ പരിശോധിച്ചെന്നും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്ന തരത്തിലാണ് മിനിമം ശമ്പളം നിശ്ചയിച്ചതെന്നും ശൈഖ് സുല്‍ത്താന്‍ ഷാര്‍ജ ടെലിവിഷനോട് പറഞ്ഞു. ജീവിത ചെലവുകള്‍ കൂടുമ്പോള്‍ ശമ്പളവും അതുപോലെ വര്‍ദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജയില്‍ 12,000ല്‍ അധികം തൊഴില്‍ അപേക്ഷകളുണ്ട്. ഒരു തൊഴിലന്വേഷകന് മുന്നിലും വാതിലുകള്‍ കൊട്ടിയടയ്‍ക്കില്ല. മതിയായ യോഗ്യതകള്‍ ഇല്ലാത്തവര്‍ക്ക് പോലും അവസരം നല്‍കും. താഴ്‍ന്ന വരുമാനക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെങ്കില്‍ താന്‍ അവരെ കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona