റിയാദ്: വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവിന് അനുമതി നല്‍കുക സൗദി ആരോഗ്യ മന്ത്രാലയം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക ആരോഗ്യ വകുപ്പായിരിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിന്ദനാണ് വ്യക്തമാക്കിയത്. ഉംറ നിര്‍വഹിക്കുന്നതിന് തീര്‍ഥാടകരെ അയക്കാന്‍ ഏത് രാജ്യങ്ങള്‍ക്കൊക്കെ അനുമതി നല്‍കുമെന്ന് വൈകാതെ പ്രഖ്യാപിക്കും. അത് ആരോഗ്യ മന്ത്രാലയമാണ് ചെയ്യുക.

ഉംറ തീര്‍ഥാടനം ഘട്ടങ്ങളായാണ് പുനരാരംഭിക്കുന്നത്. മൂന്നാംഘട്ടമായ നവംബര്‍ ഒന്ന് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉംറക്ക് അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിനോട് 'അല്‍അഖ്ബാരിയ' ചാനലിലെ അഭിമുഖത്തില്‍ പ്രതികരിക്കവേയാണ് ഹജ്ജ്, ഉംറ മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഉംറ പുനരാരംഭിക്കുന്ന ആദ്യ ഘട്ടമായ ഒക്ടോബര്‍ നാല് മുതല്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമാണ് അനുമതി. 24 മണിക്കൂറിനിടെ 12 സംഘങ്ങള്‍ക്കാണ് അനുമതി നല്‍കുക. തീര്‍ഥാടകരെ ഗ്രൂപ്പുകളായി തിരിക്കും. ഒരോ ഗ്രൂപ്പിനും ഹറമില്‍ ആരോഗ്യ വിദഗ്ധനുണ്ടാകും. 18നും 65നുമിടയില്‍ പ്രായമുള്ള തീര്‍ഥാടകരെ മാത്രമേ ആദ്യഘട്ടത്തില്‍ അനുവദിക്കൂ. ഉംറ അനുമതി പത്രത്തിന് ഫീസ് ഈടാക്കില്ല.