മസ്‍കത്ത്: വിദേശികളായ ഏതാനും പേര്‍ കൂടിയിരുന്ന് പണം എണ്ണിത്തിടപ്പെടുത്തുന്ന വീഡിയോ വൈറലായതോടെ പ്രസ്താവനയുമായി സാമൂഹിക വികസന മന്ത്രാലയം. പൊതുജനങ്ങളില്‍ നിന്ന് പണം പിരിയ്ക്കാന്‍ ക്ലബുകള്‍ക്കും മറ്റ് സംഘടനകള്‍ക്കും അനുമതിയില്ലെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന ചിത്രങ്ങളുടെയും വീഡിയോ ക്ലിപ്പുകളുടെയും പിന്നിലുള്ള യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നും അവ വിശ്വസിക്കുന്നതിന് മുമ്പ് അതിന്റെ ഉറവിടവും കാരണങ്ങളും മനസിലാക്കിയിരിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

പണം എണ്ണുന്ന വീഡിയോ ക്ലിപ്പ് ഞായറാഴ്ചയാണ് വ്യാപകമായി പ്രചരിച്ചത്. സാമൂഹിക സംഘടനകള്‍ ഒമാനിലെ സാമൂഹിക വികസന മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തശേഷമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. എന്നാല്‍ രജിസ്റ്റര്‍ ചെയ്താലും അത് പണപ്പിരിവിനുള്ള അനുമതിയല്ല. എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പണപ്പിരിവ് നടത്തണമെന്നുണ്ടെങ്കില്‍ അതിന് മതിയായ രേഖകള്‍ ഉള്‍പ്പെടെ പ്രത്യേക അപേക്ഷ നല്‍കണം. അത് പരിശോധിച്ച് മന്ത്രാലയം ർഅനുമതി നല്‍കിയാല്‍ മാത്രമേ പണപ്പിരിവ് നടത്താന്‍ പാടുള്ളൂ എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.