ദുബൈ: കഴിഞ്ഞ ദിവസം ദുബൈ മാളിലുണ്ടായ ചെറിയ തീപ്പിടുത്തം മിനിറ്റുകള്‍കൊണ്ടു തന്നെ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. തീപ്പിടുത്തമുണ്ടായ റസ്റ്റോറന്റില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.

രാത്രി 7.43നാണ് തീപ്പിടുത്തം സംബന്ധിച്ച് ദുബൈ സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. തുടര്‍ന്ന് സബീല്‍ സെന്ററില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ ആറ് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തിയെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. സന്ദര്‍ശകരെ സുരക്ഷിതമായി പുറത്തിറക്കാനായതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. റസ്റ്റോറന്റിനെ സമീപത്തെ ഒരു അലങ്കാര ചെടിയില്‍ നിന്നാണ് തീ പടര്‍ന്നത് മിനിറ്റുകള്‍ കൊണ്ടുതന്നെ അത് നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതര്‍ അറിയിച്ചു.