Asianet News MalayalamAsianet News Malayalam

യുഎഇയില്‍ മരിച്ചെന്ന് കരുതിയ ഇന്ത്യക്കാരന്‍ ജയിലില്‍

ഫെബ്രുവരി ഒന്‍പതിനാണ് ഒരു ഏജന്റ് വഴി ഒരു മാസത്തെ സന്ദര്‍ശക വിസയില്‍ വാസി ദുബായിലെത്തിയത്. യുഎഇയില്‍ എത്തിയ ഉടന്‍ തൊഴില്‍ വിസ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി 80,000 രൂപയും ഇയാള്‍ വാങ്ങി. 

Missing Indian is in UAE jail
Author
Abu Dhabi - United Arab Emirates, First Published Jun 1, 2019, 11:40 AM IST

അബുദാബി: ഏറെ നാളായി വിവരമൊന്നുമില്ലാതിരുന്നതിനെ തുടര്‍ന്ന് മരിച്ചെന്ന് വീട്ടുകാര്‍ കരുതിയ ഇന്ത്യക്കാര്‍ അബുദാബിയിലെ ജയിലിലാണെന്ന് കണ്ടെത്തി. തൊഴില്‍ തട്ടിപ്പിന് ഇരയായി യുഎഇയില്‍ കുടുങ്ങിയ വാസി അഹ്‍മദാണ് അനധികൃതമായി രാജ്യത്ത് തങ്ങിയതിന്റെ പേരില്‍ ജയിലില്‍ കഴിയുന്നത്. ഉത്തര്‍പ്രദേശിലെ റാംപൂര്‍ സ്വദേശിയാണ് അദ്ദേഹം.

ഫെബ്രുവരി ഒന്‍പതിനാണ് ഒരു ഏജന്റ് വഴി ഒരു മാസത്തെ സന്ദര്‍ശക വിസയില്‍ വാസി ദുബായിലെത്തിയത്. യുഎഇയില്‍ എത്തിയ ഉടന്‍ തൊഴില്‍ വിസ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി 80,000 രൂപയും ഇയാള്‍ വാങ്ങി. എന്നാല്‍ യുഎഇയില്‍ എത്തിയ ശേഷം വിസയോ ജോലിയോ ലഭിച്ചില്ല. രണ്ട് മാസത്തെ അനധികൃത താമസത്തിനൊടുവില്‍ ഒരു ജോലി ലഭിച്ചെങ്കിലും അനധികൃത താമസിനുള്ള പിഴയടയ്ക്കാതെ തൊഴില്‍ വിസ ലഭിക്കുമായിരുന്നില്ല. ഇതിനുള്ള പണം വാസിയുടെ കൈവശമുണ്ടായിരുന്നില്ല.

ഏജന്റിനെതിരെ പരാതിയുമായി അബുദാബിയിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ച അദ്ദേഹത്തെ, എംബസിയാണ് പൊലീസിന് കൈമാറിയത്. ഇത്തരം കേസുകളില്‍ ബന്ധപ്പെട്ട വ്യക്തികളെ പൊലീസിന് കൈമാറുകയും നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അധികൃതരുമായി ബന്ധപ്പെട്ട് വിമാന ടിക്കറ്റ് നല്‍കി നാട്ടിലേക്ക് അയക്കുകയുമാണ് എംബസി ചെയ്യുന്നതെന്ന് ഫസ്റ്റ് സെക്രട്ടറി പൂജ വെര്‍ണേക്കര്‍ പറഞ്ഞു. വാസി അഹ്മദിന് എംബസി എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി അദ്ദേഹത്തെ നാട്ടിലേക്ക് അയച്ചതിന് ശേഷം, ഏജന്‍സിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറുമായി ബന്ധപ്പെടുമെന്നും അവര്‍ പറഞ്ഞു.

ജയിലിലായ വിവരം ബന്ധുക്കളെ അറിയിക്കാന്‍ വാസിക്ക് കഴിയാതെ പോയതാണ് അവരെ വലച്ചത്. ഒരു വിവരവും ലഭിക്കാതെ വന്നതോടെ മരിച്ചതാവാമെന്ന് സംശയിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരാണ് എംബസിയിലെത്തി വിവരം അന്വേഷിച്ചത്. ഇതോടെ വാസി ജയിലിലുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഏജന്റുമാരുടെ തട്ടിപ്പിന് ഇരയായി യുഎഇയിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.
 

Follow Us:
Download App:
  • android
  • ios