ദുബൈ: ദുബൈയില്‍ മൂന്ന് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പരാതി നല്‍കിയ പ്രവാസി മലയാളിയെ കണ്ടെത്തി. ദുബൈ അല്‍ ഖിസൈസിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ഫൈസല്‍ അബ്ദുല്‍ സലാമിനെ(32) കാണാനില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പരാതി നല്‍കിയത്.

ഫൈസല്‍ ജോലി ചെയ്തിരുന്ന സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്ത് നിന്നാണ് അദ്ദേഹത്തെ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് ഫൈസലിന് ഓര്‍മ്മയില്ലെന്ന് അദ്ദേഹത്തിന്റെ ബന്ധു വജാസ് അബ്ദുല്‍ വാഹിദിനെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷമായി ഓര്‍മ്മക്കുറവിന് ചികിത്സ നടത്തി വരികയായിരുന്നു ഫൈസല്‍. സെപ്തംബര്‍ അഞ്ച് ശനിയാഴ്ച ഉച്ച മുതലാണ് ഇദ്ദേഹത്തെ കാണാതാകുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.