Asianet News MalayalamAsianet News Malayalam

പ്രവാസി ഇന്ത്യക്കാരിയുടെ കാണാതായ വളര്‍ത്തുനായയെ തിരികെ കിട്ടി; കണ്ടെത്തിയയാള്‍ക്ക് പാരിതോഷികം

രാത്രിയില്‍ പതിവുള്ള നടത്തത്തിനായി ഒന്‍പത് മണിയോടെ പുറത്തുപോയ കഡില്‍സ് പിന്നീട് മടങ്ങിവന്നില്ല. ഏകദേശം 30 കിലോമീറ്റര്‍ അകലെ അല്‍ ത്വാര്‍ പ്രദേശത്തുവെച്ച് പിറ്റേദിവസം രാവിലെ നായയെ കണ്ടവരുണ്ടെങ്കിലും അതിന് ശേഷം വിവരമൊന്നുമില്ല. കഡില്‍സിനെ കണ്ടെത്തി കൊടുക്കുന്നവര്‍ക്ക് ആദ്യം 1000 ദിര്‍ഹം സമ്മാനം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് 6000 ദിര്‍ഹമാക്കി ഉയര്‍ത്തുകയായിരുന്നു.

missing pet reunited with its Indian owner in dubai
Author
Dubai - United Arab Emirates, First Published Nov 14, 2021, 10:23 PM IST

ദുബൈ: ദുബൈയില്‍(Dubai) ഇന്ത്യക്കാരിയുടെ കാണാതായ വളര്‍ത്തുനായയെ(pet dog) കണ്ടെത്തി. ദുബൈയില്‍ താമസിക്കുന്ന അഭിഭാഷക റിയ സോധിയുടെ മാള്‍ട്ടീസ് ഇനത്തില്‍പ്പെട്ട പ്രിയപ്പെട്ട വളര്‍ത്തുനായ കഡില്‍സിനെയാണ് നവംബര്‍ നാല് മുതല്‍ ഉമ്മു സുഖൈമില്‍(Umm Suqeim) നിന്ന് കാണാതായത്. 

രാത്രിയില്‍ പതിവുള്ള നടത്തത്തിനായി ഒന്‍പത് മണിയോടെ പുറത്തുപോയ കഡില്‍സ് പിന്നീട് മടങ്ങിവന്നില്ല. ഏകദേശം 30 കിലോമീറ്റര്‍ അകലെ അല്‍ ത്വാര്‍ പ്രദേശത്തുവെച്ച് പിറ്റേദിവസം രാവിലെ നായയെ കണ്ടവരുണ്ടെങ്കിലും അതിന് ശേഷം വിവരമൊന്നുമില്ല. കഡില്‍സിനെ കണ്ടെത്തി കൊടുക്കുന്നവര്‍ക്ക് ആദ്യം 1000 ദിര്‍ഹം സമ്മാനം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് 6000 ദിര്‍ഹമാക്കി ഉയര്‍ത്തുകയായിരുന്നു.

നായയെ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും റിയ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ആരെങ്കിലും തന്റെ പ്രിയപ്പെട്ട നായയെ കണ്ടെത്തി നല്‍കുമെന്ന റിയയുടെ പ്രതീക്ഷ തെറ്റിയില്ല. കാണാതായി 10 ദിവസങ്ങള്‍ക്ക് ശേഷം കഡില്‍സിനെ കണ്ടതായി അറിയിച്ചുകൊണ്ട് റിയയെ തേടി ഒരു ഫോണ്‍ കോള്‍ എത്തുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കഡില്‍സിനെ കണ്ടെത്തിയെന്നും പാരിതോഷികം നല്‍കണമെന്നും ആവശ്യപ്പെട്ട് കോളെത്തിയത്. നായയെ കണ്ടെത്തിയെന്ന് പറഞ്ഞ് മുമ്പും നിരവധി കോളുകള്‍ ലഭിച്ചിരുന്നതിനാല്‍ ഇതും അത്തരത്തില്‍ തെറ്റായ വിവരം ആണെന്നാണ് റിയ ആദ്യം കരുതിയത്.

എന്നാല്‍ താന്‍ അല്‍ ത്വാറില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ ഇയാള്‍ മൊബൈല്‍ മെസേജിങ് ആപ്പ് പരിശോധിക്കാനും റിയയോട് ആവശ്യപ്പെട്ടു. കഡില്‍സിനെ കണ്ടെത്തിയ ചിത്രങ്ങളായിരുന്നു അത്. ഉടന്‍ തന്നെ താനും അമ്മയും കൂടി അല്‍ ത്വാറിലേക്ക് പോയെന്നും പാരിതോഷികമായി 1,000 ദിര്‍ഹം നല്‍കി കഡില്‍സിനെ സ്വീകരിക്കുകയായിരുന്നെന്നും റിയ കൂട്ടിച്ചേര്‍ത്തു. അറബ് സ്വദേശിയായ അയാള്‍ ഫോണില്‍ ആവശ്യപ്പെട്ട പാരിതോഷികമാണ് നല്‍കിയതെന്ന് റിയ പറഞ്ഞു. അല്‍ ത്വാര്‍ ഒന്നിലെ പാര്‍ക്കിന് സമീപം ഒരു പ്ലാസ്റ്റിക് ബാഗില്‍ നായകള്‍ക്കുള്ള ഭക്ഷണത്തിനും പെറ്റ് ഗ്രൂമിങ് രസീതിനും ഒപ്പമാണ് കഡില്‍സിനെ കണ്ടെത്തിയതെന്ന് അറബ് സ്വദേശി പറഞ്ഞതായി റിയ വ്യക്തമാക്കി. തന്റെ പ്രിയപ്പെട്ട നായയെ കണ്ടെത്തിയ സന്തോഷം റിയ ഇന്‍സ്റ്റാഗ്രാമിലും പങ്കുവെച്ചിരുന്നു.

Follow Us:
Download App:
  • android
  • ios