കുവൈത്ത് സിറ്റി: മണി എക്സ്‍ചേഞ്ച് സെന്ററില്‍ വ്യാജ കറന്‍സി നല്‍കിയ ഇന്ത്യക്കാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നാട്ടിലേക്ക് പണമയക്കാനായി ഇയാള്‍ നല്‍കിയ കുവൈത്ത് ദിനാര്‍ കറന്‍സികള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എക്സ്‍ചേഞ്ച് ജീവനക്കാര്‍ അധികൃതരെ അറിയിച്ചത്.

പണമയക്കാനായി ഇന്ത്യക്കാരന്‍ നല്‍കിയ കറന്‍സി വ്യാജമാണെന്ന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പണം സ്വീകരിച്ച ജീവനക്കാരന്‍ വിശദമായി പരിശോധിച്ചു. മറ്റ് ജീവനക്കാരുടെ സഹായത്തോടെയും വ്യാജ നോട്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഡിറ്റക്ടര്‍ ഉപയോഗിച്ചും പരിശോധിച്ച് നോട്ടുകള്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ കമ്പനി മാനേജ്മെന്റിനെ ജീവനക്കാര്‍ വിവരമറിയിക്കുകയായിരുന്നു.

നോട്ടുകള്‍ മാറ്റി നല്‍കാന്‍ ഇന്ത്യക്കാരന്‍ സന്നദ്ധനായെങ്കിലും അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ കേസ് രജിസ്റ്റര്‍ ചെയ്യാനായിരുന്നു എക്സ്‍ചേഞ്ച് സെന്ററിന്റെ തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ത്യക്കാരനെ വിളിച്ചുവരുത്തി വിവരങ്ങള്‍ അന്വേഷിച്ചു. കൂടുതല്‍ വ്യാജ നോട്ടുകള്‍ ഇയാളുടെ പക്കലുണ്ടോയെന്നും നോട്ടുകള്‍ എവിടെ നിന്ന് കിട്ടിയെന്നും കുവൈത്തിലെ കള്ളനോട്ട് സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നുമാണ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.