മസ്‍കത്ത്: ഒമാനില്‍ കൂടുതല്‍ മേഖലകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാനുള്ള നിര്‍ദേശം മജ്‍ലിസ് ശൂറ ചര്‍ച്ച ചെയ്തു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ടെക്നിക്കല്‍ തസ്തികകളില്‍ സ്വദേശിവത്കരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

ശൂറാ കൗണ്‍സില്‍ സ്‍പീക്കര്‍ ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മഅ്‍വാലിയുടെ അധ്യക്ഷതയിലാണ് ചൊവ്വാഴ്ച യോഗം ചേര്‍ന്നത്. കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ശൈഖ് അഹ്‍മദ് ബിന്‍ മുഹമ്മദ് അല്‍ നദബിയും ശൂറാ അംഗങ്ങളും പങ്കെടുത്ത യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ആരോഗ്യ മേഖലയിലെ വിവിധ ടെക്നിക്കല്‍ തസ്തികകളില്‍ സ്വദേശിവത്കരണം നടപ്പാക്കാനുള്ള നിര്‍ദേശമാണ് ശൂറാ കൗണ്‍സിലിന്റെ ആദ്യ വാര്‍ഷിക സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തത്. ലബോറട്ടറി ടെക്നീഷ്യന്‍, മെഡിക്കല്‍ രംഗത്തെ അനുബന്ധ തൊഴിലുകള്‍, ഫിസിയോതെറാപ്പി ടെക്നീഷ്യന്‍, നഴ്‍സിങ് ജോലികള്‍, ഫാര്‍മസി ജോലികള്‍, ഫാര്‍മസിസ്റ്റ് അസിറ്റന്റ്, ഫാര്‍മസിസ്റ്റ്, എക്സ്‍റേ ടെക്നീഷ്യന്‍, സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഒബ്‍സര്‍വര്‍ തുടങ്ങിയ തസ്തികകളിലാണ് സ്വദേശികളെ നിയമിക്കാന്‍ നിര്‍ദേശമുള്ളത്. മലയാളികളടക്കം നിരവധി പ്രവാസികള്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന മേഖലകളാണിവ.