Asianet News MalayalamAsianet News Malayalam

കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും; രണ്ടാം ഘട്ട സ്വദേശിവത്കരണം ലക്ഷ്യമിടുന്നത് 1,30,000 തൊഴിലവസരങ്ങളെ

സ്വകാര്യമേഖലയിലെ ടൂറിസം, ആരോഗ്യം, ഗതാഗതം-ലോജിസ്റ്റിക്‌സ്, വ്യവസായം, വാണിജ്യം, റിയല്‍ എസ്റ്റേറ്റ്-കെട്ടിട നിര്‍മാണം എന്നീ ആറ് മേഖലയില്‍ 5,000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനാണ് പദ്ധതി.

More foreigners will lost job due to Saudization
Author
Riyadh Saudi Arabia, First Published Apr 23, 2022, 12:08 AM IST

റിയാദ്: സൗദി അറേബ്യയില്‍ കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും വിധം രണ്ടാം ഘട്ട സ്വദേശിവത്കരണം നടപ്പാക്കുന്നു. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് ആരംഭിച്ച 'തൗത്വീന്‍' സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ജോലി അന്വേഷിക്കുന്ന 1,30,000 സ്വദേശികള്‍ക്ക് ജോലി നല്‍കാനാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. 36 മാസമാണ് പദ്ധതിയുടെ കാലയളവ്.

സ്വകാര്യമേഖലയിലെ ടൂറിസം, ആരോഗ്യം, ഗതാഗതം-ലോജിസ്റ്റിക്‌സ്, വ്യവസായം, വാണിജ്യം, റിയല്‍ എസ്റ്റേറ്റ്-കെട്ടിട നിര്‍മാണം എന്നീ ആറ് മേഖലയില്‍ 5,000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനാണ് പദ്ധതി. സ്വകാര്യ ടൂറിസം മേഖലയില്‍ 30,000 ഉം നിര്‍മാണ-റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 20,000 ഉം വ്യവസായിക മേഖലയില്‍ 25,000 ഉം ഗതാഗത ലോജിസ്റ്റിക് മേഖലയില്‍ 20,000 ഉം ആരോഗ്യ മേഖലയില്‍ 20,000 ഉം വ്യാപാരമേഖലയില്‍ 15,000 ഉം പേര്‍ക്ക് തൊഴില്‍ നല്‍കും. വന്‍കിട, ഇടത്തരം കമ്പനികളും അതിവേഗം വളരുന്ന സ്ഥാപനങ്ങളുമായും നിരവധി കരാര്‍ ഒപ്പിടുന്നതിലൂടെ ആയിരിക്കും ഇത് നടപ്പാക്കുക. കമ്പനികളുമായി ചേര്‍ന്ന് നിരവധി ജോലികളില്‍ സ്വദേശികളെ നിയോഗിക്കാന്‍ നടപടിയുണ്ടാകും. പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ മേല്‍നോട്ടം കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍ക്ക് നല്‍കും.

പരിപാടിയുടെ നേട്ടം ഉറപ്പാക്കിക്കൊണ്ട് കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളായിരിക്കും അതിന്റെ പൂര്‍ണ മേല്‍നോട്ടം വഹിക്കുക. സ്വദേശികളായ യുവതീയുവാക്കളെ സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങളില്‍ നിയോഗിക്കുക എന്ന ലക്ഷ്യത്തോടെ മാനവവിഭവശേഷി മന്ത്രാലയം 2020 ആണ് 'തൗത്വീന്‍' എന്ന പേരില്‍ സ്വദേശിവത്കരണ പദ്ധതി ആരംഭിച്ചത്. 2021 അവസാനിക്കും മുമ്പ് ജോലി അന്വേഷിക്കുന്ന 1,15,000 പൗരന്മാര്‍ക്ക് രാജ്യത്തിലെ വിവിധ മേഖലകളില്‍ വിവിധതലങ്ങളില്‍ ജോലി നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

Follow Us:
Download App:
  • android
  • ios