കൊച്ചി: പ്രവാസികളുമായി 14 വിമാനങ്ങൾ ഇന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. അബുദാബി, ഷാർജ, മസ്കറ്റ്, ദുബായ്, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നായി 22,860 പ്രവാസികളാകും കൊച്ചിയിൽ വിമാനമിറങ്ങുക. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ നിന്നും ചിക്കാഗോയിൽ നിന്നുമുള്ള വിമാനങ്ങൾ ദില്ലി വഴിയാകും കൊച്ചിയിലെത്തുക. ഇന്നലെ 19 വിമാനങ്ങളിലായി 3,910 പ്രവാസികളാണ് നാട്ടിലെത്തിയത്.

മുന്നൂറിലധികം യാത്രക്കാരുമായി ഷിക്കാഗോയിൽ നിന്നുള്ള വന്ദേ ഭാരത് എയർ ഇന്ത്യ വിമാനം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ദില്ലിയിലെത്തും. ലോക്ക് ഡൌൺ കാരണം കഴിഞ്ഞ നാല് മാസമായി അമേരിക്കയിൽ കുടുങ്ങി പോയ സംവിധായകൻ സിദ്ദിഖ് യാത്രക്കാരിൽ ഉൾപ്പെടുന്നു. വന്ദേഭാരതിന്റെ മൂന്നാം ഘട്ടത്തിൽ മാത്രം യുഎസിൽ നിന്ന് നാൽപ്പത്തിയഞ്ച് സർവ്വീസുകൾ ഉണ്ടായപ്പോഴും കേരളത്തെ അവഗണിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരത്തിലേറെ മലയാളികളായിരുന്നു വന്ദേഭാരത് ദൗത്യത്തിൽ രജിസ്റ്റർ
ചെയ്തിരുന്നത്.