റിയാദ്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. സൗദിയില്‍ മക്കയും മദീനയും ഒഴികെയുള്ള പള്ളികളില്‍ പ്രാര്‍ഥനയ്ക്കു വിലക്കേര്‍പ്പെടുത്തി. ഖത്തറില്‍ മുസ്ലിം പള്ളികളടക്കമുള്ള ആരാധനാലയങ്ങള്‍ അടച്ചിട്ടു. ഗള്‍ഫിലെ ആറു രാജ്യങ്ങളിലുമായി 1061 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.


വൈറസ് വ്യാപനം തടയാനുള്ള മുന്‍ കരുതലിന്റെ ഭാഗമായാണ് ഗള്‍ഫ് മേഖലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. സൗദിയില്‍ മക്കയും മദീനയും ഒഴികെയുള്ള പള്ളികളില്‍ പ്രാര്‍ഥന വിലക്കിയതായി സൗദി ഉന്നതപണ്ഡിതസഭ വ്യക്തമാക്കി. ഖത്തറിലും എല്ലാ ആരാധനാലയങ്ങളും അടച്ചിട്ടു. 

ബഹ്‌റൈനില്‍ ഓണ്‍ അറൈവല്‍ വിസ നല്‍കുന്നതിനു അനിശ്ചിതകാലത്തേക്കു വിലക്കേര്‍പ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയത്തിലെ പൌരത്വ പാസ്‌പോര്‍ട്ട് താമസാനുമതികാര്യ വിഭാഗം അറിയിച്ചു. നയതന്ത്ര പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിലക്കുണ്ടാകില്ല. നേരത്തേ അനുവദിച്ച വിസയുള്ളവര്‍ക്കും പ്രവേശനം അനുവദിക്കും. ബഹ്റൈനിലേക്കുള്ള വിമാനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നു വ്യോമയാന വിഭാഗം അറിയിച്ചു. 

സൗദിയില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനിച്ചു. ഈ മാസം രണ്ടിനു ശേഷം ഒമാനിലെത്തിയവരെല്ലാം നിര്‍ബന്ധമായും താമസസ്ഥലങ്ങളില്‍ ക്വാറന്റൈന് വിധേയരാകണമെന്നാണ് നിര്‍ദേശം. ഒമാന്‍ ദുബായ് ബസ് സര്‍വീസും നിര്‍ത്തലാക്കി. സര്‍ക്കാര്‍ പ്രതിരോധ നടപടികളോട് സഹകരിക്കാത്തവര്‍ക്ക് കടുത്തശിക്ഷ നല്‍കുന്ന നിയമത്തിനു കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി. ആറുമാസം വരെ തടവും 30000 ദിനാര്‍ വരെ പിഴയുമായിരിക്കും ശിക്ഷ.