റിയാദ്: ഹജ്ജുമായി ബന്ധപ്പെട്ട് പുണ്യസ്ഥലങ്ങളിൽ 20 താൽക്കാലിക കോടതികൾ സ്ഥാപിച്ചു. തീർത്ഥാടകരുടെ പരാതികൾ ഏറ്റവും വേഗത്തിൽ പരിഹരിക്കുകയാണ് ലക്ഷ്യം. മക്ക മസ്‌ജിദുൽ ഹറം, മിനാ, അറഫ എന്നീ പുണ്യസ്ഥലങ്ങളിലായി 20 താത്കാലിക സെഷൻസ് കോടതികൾ സ്ഥാപിച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു.

കൂടാതെ തീർത്ഥാടകരുടെ ആവശ്യം പരിഗണിച്ച് സഞ്ചരിക്കുന്ന അഞ്ച് നോട്ടറി ഓഫീസുകളും പ്രവർത്തിക്കും. തീർത്ഥാടകരുടെ പരാതികളും അന്യായങ്ങളും ഏറ്റവും വേഗത്തിൽ പരിഹരിക്കുന്നതിനാണ് മന്ത്രാലയം ഈ സേവനം ഏർപ്പെടുത്തിയത്.

നീതിന്യായ വകുപ്പ് ഡെപ്യൂട്ടി മന്ത്രിയും ഹജ്ജ് കമ്മിറ്റി പ്രസിഡണ്ടുമായ ഷെയ്ഖ് സഅദ് ബിൻ മുഹമ്മദ് അൽ സെഫ് പറഞ്ഞു. തീർത്ഥാടകർക്ക് നീതിന്യായ രംഗത്ത് മികച്ച സേവനം ലഭ്യമാക്കുന്നതിന് വിവിധ സർക്കാർ സംവിധാനങ്ങളുമായി ഏകോപനം നടത്തും.

ഹറമിലും മറ്റു പുണ്യസ്ഥലങ്ങളിലും വ്യാപിച്ചുകിടക്കുന്ന സെഷൻ കോടതികളുടെ പ്രവർത്തനത്തിന് ആവശ്യമായ ന്യായാധിപന്മാരെയും ഭരണ നിർവ്വഹണ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

വികലനംഗർക്കും പ്രായം ചെന്നവർക്കും മികച്ച സേവനം ഉറപ്പുവരുത്തുന്നതിനാണ് സഞ്ചരിക്കുന്ന നോട്ടറി ഓഫീസുകൾ സജ്ജമാക്കിയതെന്നും ഷെയ്ഖ് സഅദ് ബിൻ മുഹമ്മദ് പറഞ്ഞു.