റിയാദ്: ജീവനാംശം ആവശ്യപ്പെട്ട് സൗദി അറേബ്യയില്‍ മാസം 1,330 കേസുകള്‍ കോടതികളിലെത്തുന്നതായി നീതി മന്ത്രാലയം. ഓരോ കേസും പരമാവധി 22 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസത്തെ വ്യവഹാരങ്ങള്‍ അടിസ്ഥാനമാക്കിയാണ് നീതിന്യായ മന്ത്രാലയം ജീവനാംശം തേടി കോടതിയിലെത്തുന്നവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. 

ഈ കാലയളവില്‍ 3690 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 5,689 സിറ്റിങ്ങുകളിലായി ഇവ തീര്‍പ്പുകല്‍പ്പിച്ചു. 1,123 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മക്കയിലാണ് ജീവനാംശം സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതികള്‍ കോടതിയിലെത്തിയത്. റിയാദില്‍ 953ഉം കിഴക്കന്‍ പ്രവിശ്യയില്‍ 431 കേസുകളും രജിസ്റ്റര്‍ ചെയ്തു. വേര്‍പിരിയുന്ന കുടുംബങ്ങളെ സംരക്ഷിക്കുന്നതിനും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും മന്ത്രാലയം പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. രാജ്യത്തെ നീതിന്യായ വ്യവസ്ഥ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് വ്യവഹാര സമയം കുറച്ചതായും മന്ത്രാലയം വ്യക്തമാക്കി. കുടുംബത്തിന്റെ ഐക്യവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിന് സ്ത്രീധന കേസുകള്‍ വേഗം തീര്‍പ്പുകല്‍പ്പിക്കണമെന്ന് നീതിന്യായ വകുപ്പ് മന്ത്രി വാലിദ് ബിന്‍ മുഹമ്മദ് അല്‍ സമാനി കോടതികള്‍ക്ക് നിര്‍ദേശം നല്‍കി.