റിയാദ്: എഞ്ചിനീയറിങ് ജോലികളില്‍ സൗദിയിലെത്തുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ ആറു മാസത്തിനിടെ 18,000 പ്രവാസി എഞ്ചിനീയര്‍മാര്‍ക്ക് ജോലി നഷ്ടമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ കണക്കു പ്രകാരം സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സിന്റെ രജിസ്‌ട്രേഷനുള്ള വിദേശികളായ എൻജിനീയർമാരുടെ എണ്ണം 1,30,551 ആയി കുറഞ്ഞിട്ടുണ്ട്.
ഈ വർഷം ഇതുവരെ വിദേശികളായ 18,749 എഞ്ചിനീയർമാർക്ക് തൊഴിൽ നഷ്ടപ്പെട്ടതായതാണ് കണക്ക്. കഴിഞ്ഞ വർഷാവസാനം വിദേശികളായ 1,49,300 എൻജിനീയർമാരാണ് രാജ്യത്തുണ്ടായിരുന്നത്. ഈ വര്‍ഷത്തെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇത് 1,30,551 ആയി കുറഞ്ഞു. അതേസമയം  കൗൺസിലിൽ അംഗത്വമുള്ള സ്വദേശി എൻജിനീയർമാരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 35 ശതമാനത്തിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്.

വിദേശികളും സ്വദേശികളുമടക്കം ആകെ 1,68,098 എൻജിനീയർമാർക്കാണ് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സിന്റെ രജിസ്‌ട്രേഷനുള്ളത്. അഞ്ചു വർഷത്തിൽ കുറവ് പരിചയസമ്പത്തുള്ള വിദേശ എൻജിനീയർമാരുടെ റിക്രൂട്ട്‌മെന്റ് നിർത്തിവെയ്ക്കുന്നതിനുള്ള കരാറില്‍ തൊഴിൽ മന്ത്രാലയവും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സും നേരത്തെ ഒപ്പുവെച്ചിരുന്നു. സ്വദേശിവത്കരണത്തിന് പുറമെ ഈ പുതിയ നിബന്ധനയാണ് വിദേശ എൻജിനീയർമാരുടെ എണ്ണം കുറയാൻ കാരണമായത്. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എഞ്ചിനീയർമാർക്ക് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് വഴി പ്രൊഫഷണൽ ടെസ്റ്റും അഭിമുഖവും നിർബന്ധമാണ്.