ജിദ്ദ: കടുത്ത വയറുവേദനയുമായി ആശുപത്രിയില്‍ ചികിത്സ തേടിയ മാനസിക വൈകല്യമുള്ളയാളുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് ആണികളും ചില്ല് കഷണങ്ങളും. സൗദി അറേബ്യയിലെ ജിദ്ദ ആശുപത്രിയിലെത്തിയ ആളുടെ വയറ്റില്‍ നിന്നാണ് മെഡിക്കല്‍ സംഘം 230 ആണികളും ചില്ല് കഷണങ്ങളും പുറത്തെടുത്തത്.

കഠിനമായ വയറുവേദനയുമായി വയര്‍ വീര്‍ത്ത നിലയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു. ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ മെഡിക്കല്‍ സംഘത്തിന് സാധിച്ചു. ക്ലിനിക്കല്‍, എക്‌സ്‌റേ പരിശോധനകളിലാണ് വയറ്റില്‍ വന്‍ തോതില്‍ ആണികളുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ ആണികളും ചില്ല് കഷണങ്ങളും പുറത്തെടുക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും ചികിത്സയിലാണെന്നും മെഡിക്കല്‍ സംഘത്തെ ഉദ്ധരിച്ച് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.