കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം ആകെ 1,63,120 എൻജിനീയർമാരാണ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ 38,000 പേർ സൗദി എൻജിനീയർമാരാണെന്ന് കൗൺസിൽ വക്താവ് എൻജി. അബ്ദുൽ നാസർ അൽലത്തീഫ് അറിയിച്ചു. 

റിയാദ്: കാൽലക്ഷം വിദേശ എൻജിനീയർമാക്ക് 2019ൽ സൗദി അറേബ്യയിൽ തൊഴിൽ നഷ്ടപ്പെട്ടു. എൻജിനീയറിങ് തസ്തികകളിൽ ജോലി ചെയ്തിരുന്ന ഇത്രയും ആളുകൾക്ക് രാജ്യം വിടേണ്ടിവന്നതായി സൗദി എൻജിനീയറിങ് കൗൺസിൽ പുറത്തുവിട്ട സ്ഥിതിവിവര റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇതേ കാലയളവിൽ 3,000 സൗദി എൻജിനീയർമാർ പുതുതായി ജോലിയിൽ പ്രവേശിച്ചു. 

കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം ആകെ 1,63,120 എൻജിനീയർമാരാണ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ 38,000 പേർ സൗദി എൻജിനീയർമാരാണെന്ന് കൗൺസിൽ വക്താവ് എൻജി. അബ്ദുൽ നാസർ അൽലത്തീഫ് അറിയിച്ചു. 1,25,000 വിദേശ എൻജിനീയർമാരും. 2018ൽ ഇതേ കാലയളവിൽ വിദേശ എൻജിനീയർമാരുടെ എണ്ണം 1,49,000 ആയിരുന്നു. രാജ്യത്ത് ഘട്ടംഘട്ടമായി നടപ്പാക്കുന്ന സ്വദേശിവൽക്കരണവും ഇടത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളും മറ്റുമാണ് വിദേശ എൻജിനീയർമാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായത്. 

സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയവും എൻജിനീയേഴ്സ് കൗൺസിലും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം നിലവിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉള്ള എൻജിനീയർമാരെ മാത്രമേ ജോലിക്ക് നിയമിക്കാവൂ എന്നതാണ് ചട്ടം. കൂടാതെ പുതുതായി രാജ്യത്ത് എത്തുന്ന എൻജിനീയർമാർക്ക് തൊഴിൽ വൈദഗ്ധ്യ പരിശോധനയും വ്യക്തിഗത അഭിമുഖവും നിർബന്ധമാക്കിയിട്ടുണ്ട്.