റിയാദ്: കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദിയിൽ നിന്ന് ജോലി നഷ്ടപ്പെട്ട് എക്സിറ്റിൽ പോയത് അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാർ. ഇവരില്‍ കൂടുതലും മലയാളികളാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടത് 2.8 ലക്ഷത്തോളം വിദേശികൾക്ക്.

സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഔദ്യോഗിക പട്ടിക വ്യക്തമാക്കിയിരുന്നു. സൗദിയിൽ ജോലി ചെയ്യുന്ന ആകെ തൊഴിലാളികളിൽ 19.8 ശതമാനമായിരുന്നു ഇന്ത്യക്കാർ. എന്നാൽ 2017ൽ 32 ലക്ഷത്തിലധികമുണ്ടായിരുന്ന ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം ഇപ്പോൾ 27.5 ലക്ഷത്തോളമായി കുറഞ്ഞു. ഒരു വർഷംകൊണ്ട് അഞ്ചു ലക്ഷത്തോളം ഇന്ത്യൻ തൊഴിലാളികളാണ് ഫൈനൽ എക്സിറ്റിൽ ഇന്ത്യയിലേക്ക് മടങ്ങിയത്. ഇതിൽ കൂടുതലും മലയാളികളാണ്.

വിവിധ മേഖലകളിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണവും വിദേശികൾക്ക് ഏർപ്പെടുത്തിയ ലെവിയും ഇന്ത്യൻ തൊഴിലാളികളുടെ തിരിച്ചുപോക്കിന് കാരണമായതായി ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ് പറഞ്ഞു. അതേസമയം രാജ്യത്തു വാണിജ്യ മേഖലകളിൽ ഉൾപ്പെടെ സ്വദേശി വൽക്കരണം ശക്തമാക്കിയത് കാരണം കഴിഞ്ഞ മൂന്നു മാസത്തിനിടെ 2,80,000 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.