ദുബൈ: ദുബൈ പൊലീസിന്റെ സ്മാര്‍ട് ആപ് വഴി ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് ഒരു ലക്ഷത്തിലധികം വാഹനാപകടങ്ങള്‍. 101,119 ചെറിയ അപകടങ്ങളാണ് ആപ് വഴി റിപ്പോര്‍ട്ട് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.

വളരെ എളുപ്പം ഉപയോഗിക്കാവുന്ന ലളിതമായ ആപ്പാണിത്. വാഹനത്തിന്റെ വിശദാംശങ്ങള്‍, അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ഡ്രൈവര്‍ ലൈസന്‍സ് നമ്പര്‍, അപകടത്തിന്റെ ദൃശ്യം എന്നിവ ആപ്പില്‍ അപ്‍‍ലോഡ് ചെയ്യണം. കാലതാമസം ഒഴിവാക്കുക, പൊലീസ് പട്രോള്‍ ടീമിന്റെ പ്രയത്‌നവും ഗതാഗത തടസ്സവും ഒഴിവാക്കുക എന്നിവയാണ് ആപ് കൊണ്ടുള്ള നേട്ടമെന്ന് ദുബൈ പൊലീസിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജനറല്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖാലിദ് നാസര്‍ അല്‍ റസൂഖി പറഞ്ഞു. ഗതാഗത തടസ്സം സൃഷ്ടിക്കാതെയും മറ്റ് വാഹനങ്ങള്‍ക്ക് അപകട ഭീഷണി ഉണ്ടാക്കാതെയും സംഭവസ്ഥലത്ത് നിന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ എത്രയും വേഗം മാറ്റിയിടുകയാണ് ആപ് വഴി പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് അല്‍ റസൂഖി കൂട്ടിച്ചേര്‍ത്തു.