16 മാസത്തെ അവധിക്ക് ശേഷം കഴിഞ്ഞ മാസം മൂന്നിനാണ് ഇദ്ദേഹം മാലദ്വീപ് വഴി ദമ്മാമിലെത്തിയത്. ദമ്മാമിൽ നിന്നും റോഡ് മാർഗം ജിദ്ദയിലെത്തിയ ഇദ്ദേഹത്തിന് കൊവിഡ് ബാധിക്കുകയും മെയ് ഒമ്പതിന് മഹ്ജർ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

റിയാദ്: കൊവിഡ് ബാധിച്ച് മരിച്ച കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി പാറപ്പുറത്ത് വീട് നിസാമുദ്ദീന്റെ (52) മൃതദേഹം ബുധനാഴ്ച ഉച്ചക്ക് ശേഷം ജിദ്ദയിലെ ദഹ്‌ബാൻ മഖ്‍ബറയിൽ ഖബറടക്കി. 16 മാസത്തെ അവധിക്ക് ശേഷം കഴിഞ്ഞ മാസം മൂന്നിനാണ് ഇദ്ദേഹം മാലദ്വീപ് വഴി ദമ്മാമിലെത്തിയത്. 

ദമ്മാമിൽ നിന്നും റോഡ് മാർഗം ജിദ്ദയിലെത്തിയ ഇദ്ദേഹത്തിന് കൊവിഡ് ബാധിക്കുകയും മെയ് ഒമ്പതിന് മഹ്ജർ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശേഷം രോഗം ഗുരുതരമാവുകയും തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. 27 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദയിലെ അൽജൗഹറ ഡിസ്ട്രിക്ടിൽ അൽമൊഹൈദിബ് വാട്ടർ ടാങ്ക് കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്നു. നിലവിൽ ഇന്ത്യൻ സോഷ്യൽ ഫോറം ഹറാജ് ബ്രാഞ്ച് വൈസ് പ്രസിൻറായിരുന്നു. 

പിതാവ്: സലാഹുദ്ദീൻ, മാതാവ്: ജമീല ബീവി, ഭാര്യ: അമീന, വിദ്യാർഥികളായ മുഹമ്മദ് ബിലാൽ, അസ്‍ഹറുദ്ദീൻ എന്നിവർ മക്കളാണ്. മരണാന്തര നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹതാമസക്കാരനായ സജീഷ്, ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ മുഹമ്മദ് ഷാഫി, ഹബീബ്, മസ്ഊദ് ബാലരാമപുരം, ഹസൈനാർ മാരായമംഗലം എന്നിവർ രംഗത്തുണ്ടായിരുന്നു. സഹജീവനക്കാരും സുഹൃത്തുക്കളും ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.