കരള്‍രോഗം മൂര്‍ച്ഛിച്ച് മുബാറസ് ബഞ്ചലവി ആശുപത്രിയിലായിരുന്നു അന്ത്യം. 18 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തുവരുകയായിരുന്നു.

റിയാദ്: അസുഖ ബാധിതനായി സൗദി അറേബ്യയില്‍ മരിച്ച മലയാളിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സയില്‍ തിരുവനന്തപുരം, നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാര്‍ (46) ജനുവരി ആറിനാണ് മരിച്ചത്. കരള്‍രോഗം മൂര്‍ച്ഛിച്ച് മുബാറസ് ബഞ്ചലവി ആശുപത്രിയിലായിരുന്നു അന്ത്യം. 18 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. നവയുഗം അല്‍അഹ്സ കൊളാബിയ യൂനിറ്റ് പ്രസിഡന്റായിരുന്നു.

ഹസയിലെ സാമൂഹിക പ്രവര്‍ത്തനരംഗങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. കവിതയാണ് ഭാര്യ. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഒരു മകനും മകളും ഉണ്ട്. നിയമനടപടികള്‍ നടത്താനുള്ള അനുമതിപത്രം നവയുഗം ഹസ മേഖല പ്രസിഡന്റ് ഉണ്ണി മാധവത്തിന് ലഭിച്ചിരുന്നു. എന്നാല്‍ സന്തോഷിന്റെ പേരില്‍ മുമ്പുണ്ടായിരുന്ന ചില കേസുകള്‍ കാരണം നിയമ തടസ്സം നേരിടുകയായിരുന്നു. തുടര്‍ന്ന് ഷാജി മതിലകം, ഉണ്ണി മാധവം, ലത്തീഫ് മൈനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ നവയുഗം ജീവകാരുണ്യവിഭാഗം നടത്തിയ നിരന്തര പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് നിയമക്കുരുക്കുകള്‍ അഴിച്ച്, നടപടികള്‍ പൂര്‍ത്തിയാക്കാനായത്. സുശീല്‍ കുമാര്‍, സിയാദ് പള്ളിമുക്ക്, അന്‍സാരി, ഷാജി, നൗഷാദ്, ഉദയന്‍, രമണന്‍ നെല്ലിക്കോട് എന്നിവര്‍ സഹായിച്ചു. തിങ്കളാഴ്ച്ചയാണ് നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ ശ്രമഫലമായി നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചത്.