റിയാദ്: ആത്മഹത്യ ചെയ്ത നിലയില്‍ റിയാദില്‍ കണ്ടെത്തിയ പാലക്കാട് സ്വദേശി വിനുകുമാറിന്റെ (32) മൃതദേഹം കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചു. റിയാദ് ബഗ്ലഫിലെ താമസസ്ഥലത്ത് ജൂലൈ 23നാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

വിനുകുമാര്‍ കഴിഞ്ഞ നാലു വര്‍ഷമായി റിയാദില്‍ സൗദി ടെലികോം കമ്പനിയായ എസ്.ടി.സിയില്‍ കരാറടിസ്ഥാനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. പാലക്കാട് ജില്ലയിലെ പുതുനഗരം കാട്ടുതെരുവ് സ്വദേശികളായ മണിയന്‍-കല്യാണി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ് നെന്മാറ എം.എല്‍.എ കെ. ബാബുവും പുതുനഗരം പ്രവാസി സംഘവും ആവശ്യപ്പെട്ടതനുസരിച്ച് കേളി ജീവകാരുണ്യ വിഭാഗം ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.