Asianet News MalayalamAsianet News Malayalam

സൗദിയിൽ ജോലി സ്ഥലത്തെ ബാത്‍റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി നഴ്‍സിന്റെ മൃതദേഹം നാട്ടിലെത്തിക്കും

കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിന് സമീപമുള്ള ബാത്‍റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്ന് ഓപ്പറേഷൻ തിയറ്ററിൽ നിന്നെടുത്ത് കൂടിയ അളവിൽ കുത്തിവെച്ചതാണ് മരണകാരണമായതെന്നാണ് കരുതുന്നത്​. 

mortal remains of keralite nurse who found dead inside a bathroom in saudi arabia to be brought to her homeland
Author
Riyadh Saudi Arabia, First Published Sep 10, 2021, 8:40 PM IST

റിയാദ്: സൗദിയിലെ ആശുപത്രിയില്‍ ബാത്‍റൂമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‍സിന്റെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും. മൂന്ന് വര്‍ഷമായി സൗദി അറേബ്യയില്‍ ജോലി ചെയ്‍തിരുന്ന കണ്ണൂർ വെള്ളാട്​, ആലക്കോട്​, മുക്കിടിക്കാട്ടിൽ ജോൺ - ​സെലിൻ ദമ്പതികളുടെ മകൾ ജോമി ജോൺ സെലിന്റെ (28) മൃതദേഹം ഇപ്പോള്‍ ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജോമിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 

അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്‍തിരുന്ന ജോമി രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അവിവാഹിതയാണ്​. ബുധനാഴ്‍ച രാവിലെ ജോമിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിന് സമീപമുള്ള ബാത്‍റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്ന് ഓപ്പറേഷൻ തിയറ്ററിൽ നിന്നെടുത്ത് കൂടിയ അളവിൽ കുത്തിവെച്ചതാണ് മരണകാരണമായതെന്നാണ് കരുതുന്നത്​. പ്രാഥമിക പരിശോധനയിൽ ശരീരത്തില്‍ മറ്റ് അടയാളങ്ങളൊന്നുമില്ലെന്നാണ് പൊലീസ് റിപ്പോർട്ട്.

ആത്മഹത്യ ചെയ്യാൻ മാത്രമുള്ള കാര്യമായ പ്രശ്‍നങ്ങളൊന്നും ജോമിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണം സംബന്ധിച്ച ദുരൂഹതകൾ നീക്കാന്‍ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.  ദമ്മാം മെഡിക്കൽ കോംപ്ലക്സ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കുന്നതിനുള്ള പടപടികൾ പൂർത്തിയാക്കുമെന്ന്​ കുടുംബം ഉത്തരവാദപ്പെടുത്തിയ സാമൂഹിക പ്രവർത്തകൻ നാസ്​ വക്കം പറഞ്ഞു.

Follow Us:
Download App:
  • android
  • ios