റിയാദ്: ഈ മാസം മൂന്നിന് റിയാദ് എക്സിറ്റ് എട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കോട്ടയം തിടനാട് സ്വദേശി ഐക്കര ജെയിംസ് സെബാസ്റ്റ്യന്റെ (27) മൃതദേഹം ശനിയാഴ്‍ച നാട്ടിലെത്തിച്ചു. രണ്ട് വർഷമായി റിയാദിലെ ദീമ ബിസ്ക്കറ്റ് കമ്പനിയിൽ സെയിൽസ് എക്സിക്യുട്ടീവായി ജോലി ചെയ്‍തിരുന്ന ജയിംസ് ഡിസംബറിൽ നാട്ടിൽ പോകാനിരുന്നതാണ്. 

ജോലിക്ക് പോയി തിരിച്ചുവരുന്ന വഴി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അമിതവേഗതയിൽ എതിര്‍ ദിശയില്‍ നിന്ന്​ വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത്​വെച്ചുതന്നെ മരണം സംഭവിച്ചു. സെബാസ്‍റ്റ്യൻ - അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. ഏക സഹോദരി ജിഷ. 

സൗമ്യമായ പെരുമാറ്റം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയൊരു സൗഹൃദവലയം തീർത്ത ജയിംസിന്റെ അകാല വേർപാടിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം ആക്ടിങ് കൺവീനർ മധു എടപ്പുറത്ത് നേതൃത്വം നൽകി. കമ്പനിയുടെ ഭാഗത്തുനിന്നും നല്ല രീതിയിലുള്ള സഹകരണവും ഉണ്ടായി. 

സൗദി എയർലൈൻസിന്റെ കാർഗോ വിമാനത്തിൽ കൊച്ചിയിലെത്തിച്ച മൃതദേഹം സഹോദരി ഭർത്താവ് ബിജുമോൻ പി. ചെറിയാൻ ഏറ്റുവാങ്ങി. സംസ്കാരം തിടനാട് സെന്റ്​ ജോസഫ് പള്ളിയിൽ ഞായറാഴ്ച നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.